‘പിറന്നാൾ ആശംസകൾ പ്രകാശാ, ദിനേശാ, ഉമേഷേ..’- നിവിൻ പോളിക്ക് ജന്മദിനമാശംസിച്ച് സുഹൃത്തുക്കൾ
മലയാളികളുടെ പ്രിയതാരം നിവിൻ പോളി പിറന്നാൾ നിറവിലാണ്. ആഘോഷങ്ങൾ ഇല്ലെങ്കിലും ആശംസകൾക്ക് കുറവില്ല. ജീവിതത്തിലും സിനിമയിലും അടുത്ത സുഹൃത്തുക്കളായ അജു വർഗീസ്, സണ്ണി വെയ്ൻ, മഞ്ജു വാര്യർ, നിമിഷ സജയൻ തുടങ്ങിയവർ നിവിന് ജന്മദിനാശംസകൾ അറിയിക്കുകയാണ്. രസകരമായ ആശംസയാണ് അജു വർഗീസ് പങ്കു വെച്ചിരിക്കുന്നത്.
‘പിറന്നാൾ ആശംസകൾ പ്രകാശാ, ദിനേശാ, ഉമേഷേ..’ എന്നാണ് അജു വർഗീസ് നിവിനൊപ്പമുള്ള രസകരമായ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ഹിറ്റ് ചിത്രങ്ങളിലെ നിവിൻ പോളിയുടെ കഥാപാത്രങ്ങളുടെ പേരുകളാണിത്.
അതേസമയം, ഈ വർഷത്തെ ജന്മദിനം നിവിൻ പോളിക്ക് സ്പെഷ്യലാണ്. കാരണം, സിനിമയിൽ പത്തുവർഷം പൂർത്തിയാക്കുകയാണ് താരം. 2010ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബിലൂടെയാണ് നിവിൻ അഭിനയ ലോകത്തേക്ക് എത്തിയത്. പത്തുവർഷം പിന്നിടുമ്പോൾ മലയാളത്തിൽ താരമൂല്യം ഏറെയുള്ള നായകനാണ് നിവിൻ പോളി.
എറണാകുളം ജില്ലയിലെ ആലുവയിൽ 1984 ഒക്ടോബർ 11നാണ് നിവിൻ പോളി ജനിച്ചത്. എഞ്ചിനിയറിംഗ് പഠനത്തിന് ശേഷം ഇൻഫോസിസിൽ ജോലിയിൽ പ്രവേശിച്ച നിവിൻ പിതാവിന്റെ മരണത്തോടെ നാട്ടിലേക്ക് എത്തുകയും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയുമായിരുന്നു. ആക്ഷൻ ഹീറോ ബിജുവിലെ പോലീസ് കഥാപാത്രത്തിലൂടെയാണ് നിവിൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്തിലെ നായക കഥാപാത്രം ഹിറ്റായതോടെ നിവിൻ പോളിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പ്രേമം, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളും നിവിന്റെ കരിയറിലെ നാഴികക്കല്ലുകളാണ്. പടവെട്ട് എന്ന ചിത്രമാണ് നിവിൻ നായകനായി അണിയറയിൽ ഒരുങ്ങുന്നത്.
Story highlights- nivin pauly birthday