ഡൽഹിയിൽ തിയേറ്ററുകൾ തുറന്നു; പക്ഷേ സിനിമ കാണാനെത്തിയത് നാലുപേർ മാത്രം
ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി ഒക്ടോബർ 15 തിയേറ്ററുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, കേരളമുൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ തിയേറ്ററുകൾ ഉടൻ തുറക്കേണ്ട എന്ന തീരുമാനമാണ് സ്വീകരിച്ചത്. അതേസമയം, ഡൽഹിയിൽ ഒക്ടോബർ 15ന് തന്നെ തിയേറ്ററുകൾ തുറന്നു. 300 സീറ്റുകളുള്ള തിയേറ്ററിൽ 150 പേർക്കാണ് പ്രവേശനം.
അതേസമയം, തിയേറ്ററുകൾ തുറന്നിട്ടും ആളുകൾ പ്രദർശനത്തിന് എത്തുന്നില്ല. ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് ഏരിയയിലെ തിയേറ്ററിൽ ആദ്യ പ്രദർശനത്തിന് എത്തിയത് നാലുപേരാണ്. പിന്നീടുള്ള പ്രദർശനത്തിനും അത്രതന്നെ ആളുകൾ മാത്രമാണ് എത്തിയത്. ആളുകൾ കൊവിഡ് ഭീതിയിൽ വീടുകളിൽ തന്നെ കഴിയുകയാണ്. മാത്രമല്ല, തിയേറ്ററുകളിൽ പുതിയ ചിത്രങ്ങളൊന്നും റിലീസ് ചെയ്തിട്ടില്ല.
Read More: മിയ ഇനി ‘സിഐഡി ഷീല’; വിവാഹ ശേഷം പുതിയ ചിത്രവുമായി പ്രിയതാരം
അടുത്തയാഴ്ചയോടെ നിരവധി ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നുണ്ട്. അതോടെ ഈ പ്രതിസന്ധി അവസാനിക്കും എന്നാണ് തിയേറ്റർ ഉടമകളുടെ പ്രതീക്ഷ. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പൂർണമായും പാലിച്ചാണ് തിയേറ്ററുകൾ തുറന്നത്. തിയേറ്റർ തുറന്നപ്പോൾ ആദ്യം പ്രദർശനത്തിന് എത്തിയത് ‘പി എം നരേന്ദ്ര മോദി’ ആയിരുന്നു. ചിത്രം റീ റിലീസ് ആയാണ് പ്രദർശിപ്പിച്ചത്. ഉച്ചയ്ക്ക് 12 മാണി മുതൽ എട്ടുമണി വരെയാണ് ഇപ്പോൾ പ്രദർശന സമയം നിയന്ത്രിച്ചിരിക്കുന്നത്.
Story highlights- theaters run near empty