‘ലാളിത്യവും ദയയുമുള്ള ഒരു മനുഷ്യൻ’; ഫഹദ് ഫാസിലിനോടുള്ള ആരാധന പങ്കുവെച്ച് കന്നഡ നടൻ

തന്റേതായ അഭിനയ ശൈലിയിലൂടെ ആരാധക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് ഫഹദ് ഫാസിൽ. മലയാള സിനിമയിൽ മാത്രമല്ല ഫഹദ് ഫാസിൽ പ്രിയങ്കരൻ. മറ്റുഭാഷകളിലെ മുൻനിര താരങ്ങൾ അദ്ദേഹത്തിന്റെ അഭിനയ വൈഭവത്തിൽ അമ്പരപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ, കന്നഡ സിനിമാ നടനും സംഗീതസംവിധായകനുമായ വാസുകി വൈഭവ് ഫഹദ് ഫാസിലിനോടുള്ള ആരാധന പങ്കുവയ്ക്കുകയാണ്. ബംഗളൂരുവിൽ വെച്ച് ഫഹദിനൊപ്പം പകർത്തിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് വാസുകി തന്റെ സന്തോഷം സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.

അദ്ദേഹത്തെ കാണാൻ കഴിഞ്ഞ സന്തോഷത്തിനൊപ്പം ഒരിക്കലെങ്കിലും ഒന്നിച്ച് പ്രവർത്തിക്കാനുള്ള ആഗ്രഹവും വാസുകി പങ്കുവയ്ക്കുന്നു. ‘എന്റെ ഏറ്റവും പുതിയ ആവേശത്തിനൊപ്പം നന്നായി ചെലവഴിക്കാൻ സാധിച്ച എന്നും ഓർമ്മിക്കപ്പെടുന്ന സമയം..ലാളിത്യവും ദയയുമുള്ള ഒരു മനുഷ്യൻ! ഒരു ​​ദിവസം നിങ്ങളുമായി പ്രവർത്തിക്കാൻ കാത്തിരിക്കുന്നു..’-വാസുകി കുറിക്കുന്നു.

ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും അടുത്ത സുഹൃത്തുക്കളായിരുന്നു മേഘ്‌നയും ചിരഞ്ജീവിയും. മേഘ്‌നയ്ക്ക് കുഞ്ഞു പിറന്നപ്പോൾ ബംഗളൂരുവിലെത്തി അമ്മയെയും കുഞ്ഞിനേയും ഇവർ സംദർശിച്ചിരുന്നു. ബംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള അന്തരിച്ച നടൻ ചിരഞ്ജീവി സാർജയുടെ സ്മാരകം സന്ദർശിക്കുകയും ചെയ്തു നസ്രിയയും ഫഹദും. ആശുപത്രിയിൽ എത്തിയപ്പോഴാണ് വാസുകി വൈഭവ് ഫഹദിനെയും നസ്രിയയെയും കണ്ടതും പരിചയപ്പെട്ടതും.

Read More: ‘ഞാൻ‌ ഈ ചിത്രങ്ങൾ‌ കണ്ടെത്താൻ‌ ശ്രമിക്കുകയായിരുന്നു, കരയുന്ന കുട്ടി’- അദിതിക്ക് രസകരമായ പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ

മേഘ്‌നയുടെ ഭർത്താവും ചലച്ചിത്രതാരവുമായ ചിരഞ്ജീവി സർജയുടെ പെട്ടന്നുള്ള വിയോഗം ഇന്ത്യൻ സിനിമ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിനിടെയാണ് ചിരഞ്ജീവി സർജ മരണത്തിന് കീഴടങ്ങിയത്. നേരത്തെ ജൂനിയർ ചീരുവിനെ വരവേൽക്കാൻ ഒരുങ്ങുന്ന കുടുംബത്തിന്റെ ആഘോഷത്തിന്റെ ചിത്രങ്ങളും നേരത്തെ സോഷ്യൽ ലോകത്ത് ശ്രദ്ധ നേടിയിരുന്നു. മേഘ്‌നയുടെ ബേബി ഷവർ ആഘോഷമാക്കുന്ന കുടുംബത്തിന്റെ ചിത്രങ്ങളും അടക്കം ചീരുവിന്റെ സഹോദരൻ ധ്രുവാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

Story highlights-  Vasuki Vaibhav expressed his wish to work with Fahadh Faasil