‘ഞങ്ങളുടെ 6 വയസ്സുള്ള മകൾക്ക് ഇങ്ങനൊരു പേജിന്റെ ആവശ്യമില്ല’- വ്യാജ ഇൻസ്റ്റാഗ്രാം പേജിനെതിരെ പൃഥ്വിരാജ്
പൃഥ്വിരാജ്- സുപ്രിയ ദമ്പതികളുടെ മകൾ അലംകൃതയും സമൂഹമാധ്യമങ്ങളുടെ പ്രിയതാരമാണ്. ജന്മദിനത്തിൽ മാത്രമാണ് അല്ലിയുടെ ചിത്രം പങ്കുവയ്ക്കാറുള്ളതെങ്കിലും ഒട്ടേറെ വിശേഷങ്ങളെ കുറിച്ച് ഇരുവരും വാചാലരാകാറുണ്ട്. ഇപ്പോഴിതാ, അലംകൃതയുടെ പേരിൽ ഒരു ഇൻസ്റ്റാഗ്രാം പേജ് ശ്രദ്ധനേടിയിരിക്കുകയാണ്. എന്നാൽ, ആറുവയസുകാരിയായ മകൾക്ക് ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നും വ്യാജ പേജ് ആണെന്നും അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിയും സുപ്രിയയും.
അല്ലി പൃഥ്വിരാജ് എന്ന പേരിൽ അലംകൃതയുടെ ചിത്രങ്ങളുമായി ആരംഭിച്ചിരിക്കുന്ന ഇൻസ്റ്റാഗ്രാം പേജ് മാനേജ് ചെയ്യുന്നത് സുപ്രിയയും പൃഥ്വിയും ചേർന്നാണെന്നാണ് ഡിസ്ക്രിപ്ഷനിൽ നൽകിയിരിക്കുന്നത്. എന്നാൽ, ഇത് വ്യാജമാണെന്ന് അറിയിച്ചുകൊണ്ടാണ് ഇവർ രംഗത്തെത്തിയത്.
‘ഈ വ്യാജ ഹാൻഡിലിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നു. ഇത് ഞങ്ങൾ നിയന്ത്രിക്കുന്ന ഒരു പേജല്ല, ഞങ്ങളുടെ 6 വയസ്സുള്ള മകൾക്ക് ഒരു സോഷ്യൽ മീഡിയ സാന്നിധ്യത്തിന്റെ ആവശ്യകതയും ഞങ്ങൾ കാണുന്നില്ല. അവൾ പ്രായമാകുമ്പോൾ അവൾക്ക് അതേക്കുറിച്ച് സ്വയം തീരുമാനിക്കാം. അതിനാൽ ദയവായി ഇതിന് ഇരയാകരുത്!’- പൃഥ്വിരാജ് കുറിക്കുന്നു.
Read More: വോഗിന്റെ മുഖചിത്രമായി ഷൈലജ ടീച്ചർ; പ്രൊഫൈൽ ചിത്രമാക്കി ഫഹദ് ഫാസിൽ
അലംകൃതയ്ക്ക് വളരെയധികം സ്വകാര്യത നൽകാൻ ശ്രമിക്കാറുണ്ട് പൃഥ്വിരാജ്- സുപ്രിയ ദമ്പതികൾ. ഇതുവരെയും അലംകൃത പൊതുവേദികളിലോ, മാധ്യമങ്ങളുടെ മുന്നിലോ എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു വ്യാജ പേജിനെ ശക്തമായി എതിർക്കുകയാണ് ഇവർ.
Story highlights- prithviraj about fake instagram page