ജോജു ജോർജിന്റെ മകളായി വേഷമിടാൻ അദിതി രവി

December 11, 2020

2018 ൽ പുറത്തിറങ്ങിയ നാം എന്ന ചിത്രത്തിന് ശേഷം അദിതി രവി വേഷമിടുന്ന ചിത്രമാണ് പീസ്. ജോജു ജോർജ് അവതരിപ്പിക്കുന്ന കർലോസ് എന്ന കഥാപാത്രത്തിന്റെ മകളുടെ വേഷത്തിലാണ് അദിതി എത്തുന്നത്. രേണുക എന്ന കഥാപാത്രത്തെയാണ് അദിതി അവതരിപ്പിക്കുന്നത്. പീസ് എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അടുത്തിടെ പൂർത്തിയായിരുന്നു. പീസിൽ അദിതി രവിക്ക് പുറമെ ആശാ ശരത്തും ലെനയും അഭിനയിക്കുന്നുണ്ട്.

സിദ്ദിഖ്, ഷാലു റഹീം, വിജിലേഷ് എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സഫർ സനലും രമേഷ് ഗിരിജയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഷമീർ ജിബ്രാനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.അതേസമയം, കുഞ്ചാക്കോ ബോബൻ നായകനാകുന്ന നായാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ജോജു ജോർജ് പീസ് എന്ന ചിത്രത്തിന്റെ സെറ്റിലേക്ക് എത്തിയത്.

Read More:അഗ്നിപരീക്ഷ വിജയിച്ച് ഹിറ്റ്മാൻ; ഇനി ഓസ്‌ട്രേലിയയിൽ കാണാം

അതേസമയം, ജോൺ ലൂഥർ എന്ന ചിത്രത്തിൽ ജയസൂര്യയ്‌ക്കൊപ്പം അദിതി രവി വേഷമിടുന്നുണ്ട്. ജി സേതുനാഥ്‌ ഒരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായും അദിതി രവി വേഷമിടുന്നുണ്ട്. 2014 ൽ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലൗ എന്ന ചിത്രത്തിലൂടെയാണ് അദിതി അഭിനയലോകത്തേക്ക് എത്തിയത്. 2017 ൽ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്.

Story highlights- Aditi Ravi plays Joju George’s daughter in Peace