ലാസ്യഭാവങ്ങളിൽ അപർണ ബാലമുരളി- മനോഹര നൃത്ത വീഡിയോ

December 7, 2020

സൂരറൈ പോട്ര് എന്ന ചിത്രത്തിലെ മാരന്റെ ബൊമ്മിയായി അമ്പരപ്പിക്കുന്ന പ്രകടനമാണ് അപർണ ബാലമുരളി കാഴ്ചവെച്ചത്. മധുരൈ തമിഴും നാടൻ ശൈലിയുമായി ഡബ്ബിങ്ങിലും അപർണ വിസ്മയമായി. ഒരു സെക്കൻഡ് ക്ലാസ് യാത്രയിൽ ആരംഭിച്ച സിനിമാ ജീവിതം അംഗീകാരങ്ങളുടെ നിറുകയിൽ നിൽക്കുമ്പോൾ മനോഹരമായൊരു നൃത്തം പങ്കുവയ്ക്കുകയാണ് അപർണ.

അഭിനയത്തിന് പുറമേ പാട്ടിലും നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപർണ ബാലമുരളി. തഞ്ചാവൂർ ശങ്കര അയ്യർ ചിട്ടപ്പെടുത്തിയ ഗാനത്തിന് ചുവടുവയ്ക്കുകയാണ് വീഡിയോയിൽ അപർണ. ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക വൈദ്യനാഥനാണ്. തമിഴ് ശൈലിയിലുള്ള വസ്ത്രധാരണമാണ് അപർണയുടേത്.

‘ഈ അവസരത്തിന് എന്റെ അക്ക കാർത്തിക വൈദ്യനാഥന് വളരെ നന്ദി. ഒരുമിച്ച് എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങൾ എല്ലായ്പ്പോഴും ചർച്ച ചെയ്തിട്ടുണ്ട്. ഒടുവിൽ അത് ഇവിടെ സംഭവിച്ചു. നിങ്ങൾ കൊണ്ടുവന്ന മാന്ത്രികതയ്ക്ക് നന്ദി സതീഷ് അണ്ണാ. രംഗങ്ങൾ പകർത്തിയതിനു അമോഷിനും നന്ദി.’- അപർണ കുറിക്കുന്നു.

കക്കാട്ട് മനയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സംഗീത സംവിധാനം സതീഷ് രഖുനന്ദനാണ്. പുല്ലാങ്കുഴൽ നിഖിൽറാം ടി പിയും, ഗിത്താർ ആകാശ് മേനോനും, റിഥം ചന്ദ്രജിത്തും, സിത്താർ മെഹ്‌താബ് അലിയും നിർവഹിച്ചിരിക്കുന്നു. പരിശീലനം ലഭിച്ച ക്ലാസിക്കൽ ഗായികയും നർത്തകിയുമാണ് അപർണ. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങി വിവിധ പരമ്പരാഗത നൃത്തരൂപങ്ങളിൽ വൈദഗ്ധ്യമുള്ളയാളുമാണ്.

Read More: ഇംഗ്ലീഷ് ചിത്രത്തിൽ നായികയായി നിമിഷ; ശ്രദ്ധനേടി ലണ്ടനിൽ നിന്നുള്ള ചിത്രം

അതേസമയം, രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്ത കോമഡി ത്രില്ലറായ ‘ജീം ബൂം ഭാ’ എന്ന ചിത്രത്തിലാണ് മലയാളത്തിൽ നടി അവസാനമായി അഭിനയിച്ചത്. മറ്റൊരു തമിഴ് ചിത്രവും അണിയറയിൽ ഒരുങ്ങുന്നു.

Story highlights- aparna balamurali video