പത്ത് വര്‍ഷത്തിനിടെ പ്രേക്ഷകപ്രീതി നേടിയ പത്ത് കഥാപാത്രങ്ങള്‍

December 31, 2020
Best performances in malayalam cinema in the decade

പത്തില്‍ ഒതുങ്ങുന്നതല്ല ദശകത്തില്‍ മലയാള സിനിമയില്‍ ശ്രദ്ധ നേടിയ കഥാപാത്രങ്ങള്‍. അഭിനയ മികവും സംവിധായക മികവും തിരക്കഥയുടെ കെട്ടുറപ്പും ദൃശ്യഭംഗിയുമെല്ലാം കഥാപാത്രങ്ങളെ മികച്ചതാക്കി. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞാലും പ്രേക്ഷകമനസ്സുകളില്‍ നിന്നും വിട്ടകലാത്ത ചില കഥാപാത്രങ്ങളുണ്ട്. വീണ്ടും ഓര്‍ത്തെടുക്കാം അത്തരം ചില പ്രകടനങ്ങളെ…

1- മഹേഷ്- ഫഹദ് ഫാസില്‍ (സിനിമ- മഹേഷിന്റെ പ്രതികാരം)

പ്രാണന്‍ പോലെ പ്രണയിച്ചപ്പോഴും ഒടുക്കം മറ്റൊരാളെ വിവാഹം ചെയ്തപ്പോഴും അങ്ങനെ ഓരോ ഘട്ടങ്ങളിലും സൗമ്യയെ മഹേഷ് നോക്കുന്ന ചില നോട്ടങ്ങളുണ്ട്. ആ നോട്ടങ്ങള്‍ തന്നെ ധാരാളമാണ് മഹേഷ് എന്ന കഥാപാത്രത്തിന്റെ ആഴമളക്കാന്‍. ഒരു നോട്ടം കൊണ്ടുപോലും വെള്ളിത്തിരയില്‍ വിസ്മയങ്ങളൊരുക്കുന്ന ഫഹദ് ഫാസില്‍ നിറഞ്ഞാടിയ മഹേഷിന്റെ പ്രതികാരം കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഒഴുകിയകലാത്ത ഒന്നാണ്. ക്യാമറയുടെ ലെന്‍സിന് അപ്പുറത്തേയ്ക്കുള്ള മഹേഷിന്റെ ഒരു നോട്ടം മതി ആ കഥാപാത്രത്തിന്റെ ആഴം അളക്കാന്‍.

മഹേഷ് ഭാവന എന്ന നാട്ടിന്‍പുറത്തുകാരന്റെ ചെറിയൊരു പ്രതികാരം മലയാളികളുടെ മുഴുവന്‍ ഹൃദയവികാരങ്ങളുടെ ഭാഗമായത് ആ കഥാപാത്രത്തിന്റെ മേന്മ കൊണ്ടുകൂടിയാണെന്ന് പറയാം. അതിനുമപ്പുറം മഹേഷിനെ അനശ്വരമാക്കിയ ഫഹദ് ഫാസിലിന്റെ അഭിനയമികവാണ്. 2016-ല്‍ ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ചില അടുപ്പങ്ങളുടെ ആര്‍ദ്രതയും മറ്റുചില അകലങ്ങളുടെ വേദനയും വാശിയുടെ ചൂടുമെല്ലാം ആവോളം ആവാഹിച്ചെടുത്ത കഥാപാത്രമാണ് മഹേഷ്.

2- ജോര്‍ജ്ജുകുട്ടി- മോഹന്‍ലാല്‍ (സിനിമ- ദൃശ്യം)

2013-ല്‍ പ്രേക്ഷകരിലേക്കെത്തിയ ത്രില്ലര്‍ ചിത്രം ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടി ഇക്കാലത്തും മലയാളികള്‍ക്ക് പ്രിയപ്പെട്ട കഥാപാത്രം തന്നെയാണ്. ജീത്തു ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു കേബിള്‍ ടിവി സ്ഥാപനം നടത്തുന്ന സാധാരണക്കാരനാണ് ജോര്‍ജ്ജുകുട്ടി. എന്നാല്‍ സിനിമകളെ പ്രണയിച്ച ജോര്‍ജ്ജുകുട്ടിയുടെ കൂര്‍മ്മബുദ്ധി അതിവിപുലവും. കുടുംബത്തെ അങ്ങേയറ്റം സ്‌നേഹിക്കുന്ന ജോര്‍ജുകുട്ടി അസാധാരണമായൊരു പ്രതിസന്ധിയില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഹൃദയം.

സാധാരണവും അസാധാരണവുമായ ഭവങ്ങളെ പരസ്പരം ഒരുമിപ്പിക്കുകയായിരുന്നു ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം. പൊലീസുകാര്‍ക്ക് മുമ്പില്‍ ഉള്ള് പിടയുമ്പോഴും മുഖത്ത് ഭാവവ്യത്യാസം വരാതെയുള്ള ജോര്‍ജ്ജുകുട്ടിയുടെ പ്രകടനം ആ കഥാപാത്രത്തിന്റെ കരുത്തിന്റെ പ്രതിഫലനമാണ്. ഒരു കഥാപാത്രത്തിന്റെ മുഖത്തിനും അപ്പുറം അദ്ദേഹത്തിന്റെ ഹൃദയവിചാരങ്ങളെപ്പോലും പ്രേക്ഷകരിലേക്കെത്തിക്കാന്‍ ദൃശ്യത്തില്‍ മോഹന്‍ലാല്‍ എന്ന നടനവിസ്മയത്തിനു സാധിച്ചു.

3- ജോസഫ്- ജോജു ജോര്‍ജ് (സിനിമ- ജോസഫ്)

ഹാസ്യ നടനായും വില്ലനായും മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ജോജു ജോര്‍ജ് നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ജോസഫ്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ താരം അഭിനയമികവുകൊണ്ട് പരിപൂര്‍ണ്ണതയിലെത്തിച്ചു. റിട്ടേയര്‍ഡ് പൊലീസ് ഉദ്ോഗസ്ഥനായാണ് താരം ചിത്രത്തിലെത്തിയത്. എന്നാല്‍ പ്രേക്ഷകമനസ്സുകളില്‍ നിന്നും റിട്ടയേര്‍ഡ് ചെയ്യാന്‍ സാധിക്കാത്ത അത്രേയും കരുത്തുണ്ട് ജോസഫ് എന്ന കഥാപാത്രത്തിന്.

ലക്ഷ്യവും ബന്ധുക്കളുമില്ലാത്ത വേര്‍പാടിന്റെ നോവു പടര്‍ന്ന ജോസഫിന്റെ ജീവിതം ജോജു അനശ്വരമാക്കി. ഒടുവില്‍ അനുഭവങ്ങളില്‍ നിന്നും അയാള്‍ നേടിയെടുക്കുന്ന ചില സംതൃപ്തികളുണ്ട്. ആ ഭാവവ്യതിയാനങ്ങളെല്ലാം ഭദ്രമായിരുന്നു ജോജു ജോര്‍ജ് എന്ന അതുല്യ പ്രതിഭയുടെ മുഖത്ത്. ജോജു ജോര്‍ജ് എന്ന നടനവൈഭവത്തെ അടയാളപ്പെടുത്തിയ ചിത്രംകൂടിയാണ് ജോസഫ്. എം പദ്മകുമാര്‍ സംവിധാനം നിര്‍വഹിച്ച ജോസഫ് 2018-ലാണ് പ്രേക്ഷകരിലേക്കെത്തിയത്.

4- സജി-സൗബിന്‍ ഷാഹിര്‍ (സിനിമ- കുമ്പളങ്ങി നൈറ്റ്‌സ്)

ഒരു കഥാപാത്രം എന്നതിനുമപ്പുറം പ്രേക്ഷകര്‍ക്ക് ഒരു അനുഭവം കൂടിയായി മാറുകയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിലെ സജി. ഉള്ളിലടക്കിയ വേദനകളെ ഒരു പൊട്ടിക്കരച്ചില്‍ക്കൊണ്ട് പുറത്തേക്കൊഴുക്കിയ സജി എന്ന കഥാപാത്രത്തിന് സൗബിന്‍ ഷാഹിര്‍ ജീവന്‍ പകര്‍ന്നപ്പോള്‍ കുമ്പളങ്ങിയിലെ രാത്രികള്‍ ഭംഗിയുള്ളതായി.

നൈസര്‍ഗിക ഭാവഭേദങ്ങളുടെ പകര്‍ന്നാട്ടമായിരുന്നു ആ കഥാപാത്രത്തിലുടനീളം പ്രതിഫലിച്ചത്. സ്വന്തം സഹോദരന്‍ ചേട്ടാ എന്ന് വിളിക്കുമ്പോള്‍ ഉറക്കെ ചിരിച്ച് തൃപ്തിയടയുന്ന, കൊട്ടത്തേങ്ങ കാര്‍ന്ന് തിന്നുന്ന ഒരു അസാധാരണമായ സാധാരണക്കാരനാവുകയായിരുന്നു മധു സി നാരയണന്‍ സംവിധാനം നിര്‍വഹിച്ച കുമ്പളങ്ങി നൈറ്റ്‌സിലെ സജി. സ്‌നേഹം മാത്രം പകുത്തു നല്‍കുന്ന കുടുംബ നാഥന്‍. മറ്റുള്ളവരെ ഒറ്റക്കല്ലെന്ന് തോന്നിപ്പിക്കുമ്പോഴും സജി ഉള്ളുകൊണ്ട് അനുഭവിച്ച ഒറ്റപ്പെടല്‍ ചെറുതല്ല. ആ ഒറ്റപ്പെടലിന്റെ തീവ്രതയില്‍ നിന്നുമാണ് ഒരു ഡോക്ടറിന്റെ അരികില്‍ സ്വയം മറന്ന് പൊട്ടിക്കരഞ്ഞതും. സിനിമാറ്റിക്കില്‍ നിന്നും മാറി റിയലിസ്റ്റിക്കായ ഒരു കഥാപരിസരത്ത് നിലയുറപ്പിച്ച സജി എന്ന കഥാപാത്രത്തെ സൗബിന്‍ ഷാഹിര്‍ പരിപൂര്‍ണ്ണതയിലെത്തിച്ചു.

5- പല്ലവി- പാര്‍വ്വതി തിരുവോത്ത് (സിനിമ- ഉയരെ)

തികച്ചും വ്യത്യസ്തമായ ഒരു സിനിമയെ, കഥാപാത്രത്തെ പ്രേക്ഷകരിലേക്കെത്തിച്ച ചിത്രമാണ് ഉയരെ. ഉള്‍ക്കരുത്തുകൊണ്ട് ആസിഡ് ആക്രമണത്തെ അതിജീവിച്ച ചിത്രത്തിലെ പല്ലവി എന്ന പെണ്‍കുട്ടി പകരുന്ന പ്രതീക്ഷ ചെറുതല്ല. ഗ്ലാമര്‍ അധികമില്ലാതിരുന്ന വേഷമാണ് പല്ലവി രവീന്ദ്രന്റേത്. മുഖത്തിന്റെ പാതി ആസിഡ് വീണ് വികൃതമായ പല്ലവിയെ സധൈര്യം പാര്‍വ്വതി ഹൃദയത്തിലേറ്റെടുത്തു.

അതിരുകളില്ലാത്ത ആകാശത്ത് പറക്കാന്‍ കൊതിച്ച പല്ലവിക്ക് നേരിടേണ്ടി വന്ന ഒരോ കഠിനജീവിതസാഹചര്യങ്ങളേയും പാര്‍വതി എന്ന അഭിനേതാവ് അനശ്വരമാക്കി. ഉയരെ എന്ന ചിത്രത്തിലെ പല്ലവി എന്ന കഥാപാത്രം ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു പെണ്‍കുട്ടിയുടെ മാത്രമല്ല, മാനസികവും ശാരീരികവുമായി പീഡനങ്ങള്‍ക്കൊണ്ട് ശ്വാസം മുട്ടി ജീവിക്കുന്ന ഓരോ പെണ്‍കുട്ടികളുടേയും ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. മനു അശോകന്റെ ആദ്യ സംവിധാനമായ ഉയരെ 2019-ലാണ് പ്രേക്ഷകരിലേക്കെത്തിയത്.

6-സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍- മമ്മൂട്ടി (സിനിമ- ഉണ്ട)

പ്രേക്ഷകര്‍ക്ക് പരിചിതമായ മമ്മൂട്ടി കഥാപാത്രങ്ങളില്‍ നിന്നും അല്‍പം വ്യത്യസ്തമാണ് ഖാലിദ് റഹ്‌മാന്‍ സംവിധാനം നിര്‍വഹിച്ച് 2019-ല്‍ പ്രേക്ഷകരിലേക്കെത്തിയ ഉണ്ടയിലെ മമ്മൂട്ടി കഥാപാത്രം. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ അഥവാ പ്രിയപ്പെട്ടവരുടെ മണി സാര്‍ മലയാളികളുടെ വികാരമായി മാറുകയായിരുന്നു. കാല്‍പനികത തെല്ലും കലരാതെ റിയലിസ്റ്റിക്കായി കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് മമ്മൂട്ടി വെള്ളിത്തിരയില്‍ ജീവന്‍ പകര്‍ന്നു. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലും വെച്ച് അപഹരിക്കാതെ അഭിനയസാധ്യത അങ്ങേയറ്റം മുതലെടുത്തു ഉണ്ടയിലെ മമ്മൂട്ടി കഥാപാത്രം. ബില്‍ഡപ്പുകളില്ലാത്ത ആക്ഷന്‍ രംഗങ്ങളും അതിനായകത്വം ഇല്ലാത്ത ശൈലിയുമെല്ലാം മണിസാറിനെ സ്വീകാര്യനാക്കി. മമ്മൂട്ടി എന്ന അഭിനയപ്രതിഭയുടെ നടനവൈഭവം ആവോളം പ്രതിഫലിച്ചു സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രത്തില്‍.

7- ആല്‍വിന്‍- ഷൈന്‍ ടോം ചാക്കോ (സിനിമ- ഇഷ്‌ക്)

സദാചാര പൊലീസിന്റെ അസ്യഹ്യവും ഭയാനകവുമായ നേര്‍സാക്ഷ്യമാണ് ഇഷ്‌ക് എന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച ആല്‍വിന്‍ എന്ന കഥാപാത്രം. പ്രതിനായകവേഷത്തിലാണ് ഷൈന്‍ ടോം ചാക്കോ ചിത്രത്തിലെത്തിയത്. ആല്‍വിന്‍ എന്ന കഥാപാത്രത്തിന്റെ സദാചാരഭാവങ്ങള്‍ പ്രേക്ഷകരിലേയ്ക്ക് ഇടിച്ചുകയറിയെന്ന് പറയാതിരിക്കാനാവില്ല.

പലരുടേയും ഉള്ളിലുറങ്ങിക്കിടക്കുന്ന, ഒരു സ്ത്രീയും പുരുഷനും ഒരുമിച്ചിരിക്കുമ്പോള്‍ മാത്രം പുറത്തേക്ക് വരുന്ന സദാചാരഭാവങ്ങളുടെ എക്‌സട്രീം ലെവലായിരുന്നു ആല്‍വിന്‍ എന്ന കഥാപാത്രത്തിന്റേത്. അനുരാജ് മനോഹര്‍ സംവിധാനം നിര്‍വഹിച്ച ഇഷ്‌ക് 2019-ലാണ് പ്രേക്ഷകരിലേക്കെത്തിയത്.

8- മേരിക്കുട്ടി- ജയസൂര്യ (സിനിമ- ഞാന്‍ മേരിക്കുട്ടി)

ഒരു നടനെന്ന നിലയില്‍ തന്റെ അഭിനയസിദ്ധിയേയും ശരീരത്തേയും പരീക്ഷണങ്ങള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു മേരിക്കുട്ടി എന്ന കഥാപാത്രത്തിലൂടെ ജയസൂര്യ. നൂറ് ശതമാനം വിജയം നേടുകയും ആ പരീക്ഷണം. ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകഥാപാത്രമായെത്തിയ താരം അവിശ്വസനീയമാംവിധം ആ കഥാപാത്രത്തെ അവതരിപ്പിച്ചു. തീവ്രമായ രംഗങ്ങളില്‍ പോലും അദ്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു താരത്തിന്റേത്.

പലപ്പോഴും വേദനയുടേയും ചിലപ്പോഴൊക്കെ ആനന്ദത്തിന്റേയും എല്ലാം മറുവാക്കായി എത്തുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയെന്നോണം താരം നിറഞ്ഞാടിയപ്പോള്‍ മേരിക്കുട്ടി എന്ന കഥാപാത്രം ഒരു പ്രതീകമായി. രഞ്ജിത് ശങ്കര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം 2018-ലാണ് പ്രേക്ഷകരിലേക്കെത്തിയത്.

9- ഹെലന്‍- അന്ന ബെന്‍ (സിനിമ-ഹെലന്‍)

പ്രേക്ഷകന്റെ സിരകളെയൊന്നാകെ മരവിപ്പിക്കാന്‍ കെല്‍പുണ്ട് ഹെലന്‍ എന്ന ചിത്രത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തിന്. ഇരച്ചുകയറുന്ന തണുപ്പിലും പിടികൊടുക്കാതെ ഹെലന്‍ അതിജീവിക്കുമ്പോള്‍ ആ അതിജീവനത്തിന്റെ ചൂട് പ്രേക്ഷകരിലേക്കും പകരുന്നു. അന്ന ബെന്‍ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രംകൂടിയാണ് ഹെലന്‍. 2019-ല്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം മാത്തുക്കുട്ടി സേവ്യറുടെ ആദ്യ സംവിധാനം കൂടിയായിരുന്നു.

അപ്പനോടുള്ള അളവറ്റ സ്‌നേഹത്തിന്റേയും കരുതലിന്റേയും ഭംഗിയുള്ള കിരണങ്ങളും ഹെലനിലൂടെ പ്രതിഫലിച്ചു. സര്‍വൈവല്‍ ത്രില്ലറായ ചിത്രത്തില്‍ മരണത്തെ മുഖാമുഖം കാണുന്ന നിമിഷത്തില്‍ ഒരാള്‍ അനുവഭിക്കുന്ന എല്ലാ അസ്വസ്ഥതകളും അന്ന ബെന്നില്‍ പ്രകടമായിരുന്നു. താരത്തിന്റെ അഭിനയമികവുതന്നെയാണ് ഹെലന്‍ എന്ന കഥാപാത്രത്തെ ഇത്രമേല്‍ സ്വീകാര്യമാക്കിയതും.

10- ഭാസ്‌കര പൊതുവാള്‍- സുരാജ് വെഞ്ഞാറമൂട് (സിനിമ- ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍)

സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ സാധ്യതകളെ പരമോന്നതിയിലെത്തിച്ച ചിത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. സയന്‍സ് ഫിക്ഷന്‍ കോമഡി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രം രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് സംവിധാനം ചെയ്തത്. മരണത്തെയും ഒറ്റപ്പെടലിനേയും ഭയക്കുന്ന, മകന്‍ എപ്പോഴും അരികിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന സാധാരണക്കാരനായ ഒരു നാട്ടിന്‍പുറത്തുകരനാണ് ചിത്രത്തില്‍ സുരാജ് അവതരിപ്പിച്ച ഭാസ്‌കര പൊതുവാള്‍ എന്ന കഥാപാത്രം. അച്ഛന്റെ സ്‌നേഹവും ചില നേരങ്ങളിലെ വാശിയും വാര്‍ധക്യത്തിന്റെ മാനസികവും വൈകാരികവുമായ തലങ്ങളും പൂര്‍ണ്ണതയിലെത്തിച്ച് സുരാജ് എന്ന നടന്‍ ഭാസ്‌കര പൊതുവാള്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി.

Story highlights: Best performances in malayalam cinema in the decade