35 സെക്കന്റിൽ 254 രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിഞ്ഞ് അഞ്ചു വയസുകാരൻ; ലോക റെക്കോർഡ് നേട്ടം

December 27, 2020

പലപ്പോഴും ഓർമ്മയുടെയും ശക്തിയുടേയുമൊക്കെ കാര്യത്തിൽ മുതിർന്നവരെപ്പോലും അത്ഭുതപ്പെടുത്താറുണ്ട് കുഞ്ഞുങ്ങൾ. അത്തരത്തിൽ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തുകയാണ് ഒരു അഞ്ച് വയസുകാരൻ. രാജ്യങ്ങളുടെയും അധീന പ്രദേശങ്ങളുടേതുമടക്കം ഏത് പതാക കാണിച്ചാലും കൃത്യമായി അത് ഏത് പ്രദേശത്തിന്റേതാണെന്ന് കണ്ടെത്തി പറയും ആബേൽ റോബി അബ്രഹാം എന്ന കൊച്ചുമിടുക്കൻ.

ഇപ്പോഴിതാ വെറും 35 സെക്കന്റിനുള്ളിൽ 254 പതാകകൾ ഏത് രാജ്യങ്ങളുടേതാണെന്ന് ഏറ്റവും വേഗത്തിൽ ശരിയായി പറഞ്ഞ് ഇന്റർനാഷ്ണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിയ്ക്കുകയാണ് ആബേൽ. ആലപ്പുഴ ചേർത്തല സ്വദേശിയായ അബ്രഹാമും കുടുംബവും ദോഹയിലാണ് താമസം.

Read also:അത്ഭുതങ്ങൾ ഒളിപ്പിച്ച ആമസോൺ കാട്; കോസ്മോസ് ഗ്രാമങ്ങൾ കണ്ടെത്തി ഗവേഷകർ

രാജ്യങ്ങളുടെയും അധീന പ്രദേശങ്ങളുടെയും പതാകകളെക്കുറിച്ച് മാത്രമല്ല സൗരയൂഥത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമെല്ലാം ആബേലിനറിയാം. ദോഹയിലെ ഒലീവ് ഇന്റർനാഷ്ണൽ സ്കൂളിലെ കെജി 2 വിദ്യാർഥിയായ ആബേൽ സ്കൂൾ തലത്തിൽ നടത്തുന്ന നിരവധി ക്വിസ് മത്സരങ്ങളിലും വിജയിയാണ്.

ഇന്റർനാഷ്ണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കൊച്ചുമിടുക്കൻ ഇപ്പോൾ ഗിന്നസ് ലോക റെക്കോർഡ്സിനായും അപേക്ഷ നൽകിക്കഴിഞ്ഞു.

Story Highlights: Five year old boy identify Countries and Territories flag