തണുപ്പ് കാലത്ത് ചെടികൾക്കും വേണം കൃത്യമായ പരിചരണം; മുളക് കൃഷിയിൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

December 17, 2020

വിഷം ഇല്ലാത്ത നല്ല പച്ചക്കറികൾ ലഭിക്കുന്നതിനായി ചെറുതെങ്കിലും സ്വന്തമായി ഒരു അടുക്കള തോട്ടം ഒരുക്കേണ്ടത് അത്യാവശ്യമാണ്. വീട്ടിലേക്ക് ആവശ്യമായ അത്യാവശ്യം പച്ചക്കറികൾ അടുക്കള തോട്ടത്തിൽ തന്നെ കൃഷി ചെയ്യാം. അത്തരത്തിൽ വീട്ടിൽ ഏറ്റവും അത്യാവശ്യമായി വേണ്ടതും ചെറിയ സ്ഥലത്ത് കൃഷി ചെയ്യാവുന്നതുമായ പച്ചക്കറിയാണ് പച്ചമുളക്.

മലയാളികളുടെ ഭക്ഷണ വിഭവങ്ങളിൽ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് പച്ചമുളക്. ഇത് എളുപ്പത്തിൽ വീടുകളിൽ കൃഷി ചെയ്യാം. വളരെ കുറഞ്ഞ് സ്ഥലത്തും ഇത് കൃഷി ചെയ്യാവുന്നതാണ്. ടെറസിലോ മറ്റോ പച്ചമുളക് ഗ്രോ ബാഗുകളിൽ പാകി കൃഷി ചെയ്യാവുന്നതാണ്. എന്നാൽ തണുപ്പ് കാലത്ത് പച്ചമുളകിന് കൃത്യമായ പരിചരണം നൽകണം. കാരണം തണുപ്പ് അധികമായാൽ ഇത് നശിച്ചുപോകാനുള്ള സാധ്യത കൂടുതലാണ്. തണുപ്പ് അധികമുള്ള സ്ഥലങ്ങളിൽ മുളക് ചെടികൾ ചെടിച്ചെട്ടികളിലാക്കി ഷെഡിലേക്കോ ഗ്രീൻ ഹൗസിലേക്കോ മാറ്റേണ്ടതാണ്. തണുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ചെടികളുടെ കൊമ്പ് കോതണം.

Read also:പണവും ടെക്‌നോളജിയും ഉപേക്ഷിച്ച് വ്യത്യസ്തനായി ജീവിക്കാൻ ഇറങ്ങിത്തിരിച്ച മാർക്ക്

വീട്ടിൽ തന്നെ ധാരാളമായി ലഭിക്കാറുള്ള കഞ്ഞി വെള്ളമാണ് പച്ച മുളക് കൃഷിയ്ക്ക് ഏറ്റവും നല്ല വളം. ഏകദേശം അഞ്ച് ദിവസം മുതൽ ഏഴ് ദിവസം വരെ പഴക്കമുള്ള കഞ്ഞി വെള്ളമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു കപ്പ് പഴകിയ കഞ്ഞി വെള്ളം എടുത്ത ശേഷം അത് നാല് കപ്പ് പച്ച വെള്ളത്തിലേക്ക് മിക്സ് ചെയ്യുക. അതിന് ശേഷം അത് പച്ച മുളകിൽ ഒഴിച്ചു കൊടുക്കുക. ഇത് വെള്ളീച്ച ശല്യത്തെയും ഇല ചുരുളലിനെയും ഇല്ലാതാക്കും. അതിനാൽ തന്നെ ഇവ ധാരാളമായി പച്ച മുളക് ഉണ്ടാകാനും സഹായിക്കും.

Story Highlights: How to care chilli plants in winter season