‘നിർഭാഗ്യവശാൽ ഇത് സത്യമല്ല, ആരാധകരുടെ ആഗ്രഹം മാത്രമാണ്’- രത്തൻ ടാറ്റയായി വേഷമിടുന്നില്ലെന്ന് മാധവൻ

December 12, 2020

എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതം പങ്കുവെച്ച സൂരറൈ പോട്രിന് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ നിരവധി ജീവചരിത്ര സിനിമകൾ അണിയറയിൽ തയ്യാറെടുക്കുകയാണ്. മാധവൻ നായകനും സംവിധായകനുമായ ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ ഉടൻ പ്രദർശനത്തിനെത്തും. ഈ സാഹചര്യത്തിൽ വ്യവസായി രത്തൻ ടാറ്റയുടെ ബയോപിക്കിൽ മാധവൻ വേഷമിടുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

മാധവന്റെ ചിത്രമുള്ള പോസ്റ്ററിനൊപ്പമാണ് ഇങ്ങനെയൊരു വാർത്ത പ്രചരിച്ചത്. എന്നാൽ, ഇത് സത്യമല്ലെന്ന് മാധവൻ തന്നെ വ്യക്തമാക്കുകയാണ്. ‘ഹേയ്, നിർഭാഗ്യവശാൽ ഇത് സത്യമല്ല. ചില ആരാധകരുടെ ആഗ്രഹം മാത്രമാണ് ഈ പോസ്റ്ററിനു പിന്നിൽ. അത്തരം ഒരു പ്രോജക്ടും ചർച്ച ചെയ്തിട്ടില്ല’.

അതേസമയം, നമ്പി നാരായണന്റെ ജീവിതം പറയുന്ന ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രമാണ് മാധവൻ നായകനായി റിലീസിന് തയ്യാറെടുക്കുന്നത്. നമ്പി നാരായണനായുള്ള നടന്‍ മാധവിന്റെ മേക്കോവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

Read More: സൂരറൈ പോട്രിലെ അടിപൊളി ഗാനത്തിന് ചുവടുവച്ച് താരപുത്രി; വീഡിയോ

അതോടൊപ്പം, ദുൽഖർ സൽമാനും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘ചാര്‍ലി’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലും നായകനായി എത്തുന്നത് മാധവനാണ്. പാർവതി അനശ്വരമാക്കിയ ടെസ്സയായി വേഷമിടുന്നത് ശ്രദ്ധ ശ്രീനാഥാണ്. ദിലീപ് കുമാർ ആണ് ചിത്രം തമിഴിൽ സംവിധാനം ചെയ്യുന്നത്.

Story highlights- madhavan about biopic