ഒടിയന്‍ തിരക്കഥ ഇനി പുസ്തകരൂപത്തിലും; രണ്ടാം വാര്‍ഷികത്തില്‍ സന്തോഷം പങ്കുവെച്ച് തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍

December 14, 2020
Odiyan script publishing Harikrishnan

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഒടിയന്‍ പ്രേക്ഷകരിലേക്കെത്തിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായി. ഐതിഹ്യങ്ങളും കെട്ടുകഥകളും പ്രമേയമാക്കി ഒരുക്കിയ ചിത്രത്തിന്റെ ഓര്‍മ്മകള്‍ ഇന്നും മലയാള സിനിമാലോകത്തു നിന്നും വിട്ടകന്നിട്ടില്ല. വി എ ശ്രീകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

ചിത്രത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പുതിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് തിരക്കഥാകൃത്തായ ഹരികൃഷ്ണന്‍. ഒടിയന്റെ തിരക്കഥ പുസ്തകരൂപത്തില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം ഹരികൃഷ്ണന്‍ പങ്കുവയ്ക്കുകയും ചെയ്തു.

കുറിപ്പ് ഇങ്ങനെ

ഇന്ന് ‘ഒടിയന്‍’ റിലീസ് ചെയ്തിട്ടു രണ്ടു വര്‍ഷം. ഒരു വലിയ സിനിമയ്ക്ക്് അര്‍ഹമായ വിധം വലിയ അഭിനന്ദനങ്ങളും വലിയ വിമര്‍ശനങ്ങളും ആ സിനിമ ഏറ്റുവാങ്ങി. എന്നെ സംബന്ധിച്ചിടത്തോളം നല്ല ഓര്‍മകളുടെ സുന്ദരസമാഹാരമാണ് ആ സിനിമ. എന്റെ ചങ്ങാത്തങ്ങളുടെ ആഘോഷം കൂടിയായിരുന്നു, ഒടിയന്‍. പ്രിയപ്പെട്ടവരായ മോഹന്‍ലാല്‍, മഞ്ജു വാരിയര്‍, വി.എ. ശ്രീകുമാര്‍, ആന്റണി പെരുമ്പാവൂര്‍, പത്മകുമാര്‍, ഷാജി കുമാര്‍…

ഒടിയന്റെ തിരക്കഥയോട് വ്യക്തിപരമായി എനിക്ക് ഇഷ്ടമേറെയാണ്. ഒരു വലിയ വാണിജ്യസിനിമയെ കലാംശം കുറയാതെയും നോണ്‍ ലീനിയര്‍ ആയും തിരക്കഥയിലൂടെ സമീപിക്കാനായതിന്റെ സന്തോഷം. സിനിമയ്ക്കുമുന്‍പേ തിരക്കഥ പ്രസാധനം ചെയ്യാന്‍ ആവശ്യങ്ങളുണ്ടായെങ്കിലും ഞാനതു വേണ്ടെന്നുവച്ചു. സിനിമ റിലീസ് ചെയ്തശേഷം, സ്‌ക്രിപ്റ്റിനും ഡയലോഗുകള്‍ക്കും ഏറെ ഇഷ്ടക്കാരുണ്ടായി. അപ്പോഴും പുസ്തകമാക്കുന്നത് എന്റെ ആലോചനയില്‍വന്നില്ല. സ്വാഭാവികമായ മടി വലിയ കാരണംതന്നെയാണ്. ( ദേശീയ അവാര്‍ഡ് വാങ്ങിത്തന്ന ‘കുട്ടിസ്രാങ്കി’ ന്റെ തിരക്കഥ ഇതുവരെ പുസ്തകമാകാത്തതിനും മറ്റൊരു കാരണമില്ല. )

ഇപ്പോഴിതാ, ഒടിയന്റെ ഈ രണ്ടാം പിറന്നാള്‍ദിനത്തില്‍, തിരക്കഥ പുസ്തകമായി വൈകാതെ ഇറങ്ങുന്ന സന്തോഷം അറിയിക്കുന്നു. നല്ല പുസ്തകങ്ങളുടെ നിര്‍മിതിക്കും പ്രസാധനത്തിനും പേരെടുത്ത ഡോണ്‍ ബുക്‌സ് ആണു പ്രസാധകര്‍. അതിന്റെ അമരക്കാരനും പ്രിയ സുഹൃത്തുമായ അനില്‍ വേഗയുടെ പ്രസാധനമികവും ഡിസൈന്‍ വൈദഗ്ധ്യവും ഒടിയന്‍ പുസ്തകത്തെ മികവുറ്റതാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പോസ്റ്റര്‍ അനിലിന്റെ വിരല്‍വരത്തിന്റെ മുദ്രയാണ്.

Story highlights: Odiyan script publishing Harikrishnan