തെരുവിൽ അലഞ്ഞുനടന്ന പെൺകുട്ടിയ്ക്ക് പിതാവായി റസാഖ്; വരനെ കണ്ടെത്തി വിവാഹവും നടത്തി, ശ്രദ്ധനേടി കുറിപ്പ്

December 8, 2020

14 വർഷങ്ങൾക്ക് മുമ്പാണ് ആരോരുമില്ലാതെ തെരുവിലൂടെ അലഞ്ഞുനടന്ന ബാലികയെ റസാഖ് കൂടെക്കൂട്ടിയത്. പിന്നീടങ്ങോട്ട് സ്വന്തം മകളെപ്പോലെ നെഞ്ചോട് ചേർത്തുപിടിച്ചാണ് റസാഖും നൂര്‍ജഹാനും അവളെ വളർത്തിയത്. മൂന്ന് പെണ്മക്കൾ ഉള്ള വീട്ടിൽ നാലാമതൊരു പെൺകുട്ടിയായായണ് കവിത വളർന്നത്. വിവാഹപ്രായമെത്തിയപ്പോൾ വരനെ കണ്ടെത്തി ഹിന്ദു ആചാരപ്രകാരം വിവാഹവും നടത്തി. തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ ഉള്ള റസാഖ് എന്ന നന്മ മനുഷ്യനെക്കുറിച്ച് ഭാസ്കരൻ നായർ എന്ന വ്യക്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് റസാഖിന്റെ നന്മയെക്കുറിച്ച് ലോകം അറിയുന്നത്.

ഭാസ്കരൻ നായരുടെ കുറിപ്പ് വായിക്കാം:

ഇന്ത്യൻ സൈനികന്റെ മഹത്വം. എട്ടാം വയസില്‍ തെരുവില്‍ ആരോരുമില്ലാതെ നിന്ന തമിഴ് ബാലികയെ റസാഖ് കൂടെക്കൂട്ടി. 14 വര്‍ഷം സ്വന്തം മകളായി വളര്‍ത്തി. വിവാഹപ്രായമായപ്പോള്‍ വരനെ കണ്ടെത്തി ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിക്കൊടുത്തു…

സിനിമകളെപ്പോലും അതിശയിപ്പിക്കുന്ന സംഭവങ്ങളാകും പലപ്പോഴും ജീവിതത്തില്‍ നടക്കുന്നത്. ചില നന്മ മനസ്സുകളിലൂടെയാണ് ഈ ലോകം മുമ്പോട്ടു പോകുന്നത്. അത്തരമൊരു നന്മയുടെ കഥയാണ് തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ നിന്നും പുറത്തു വരുന്നത്. സ്‌നേഹത്തിന് ജാതിമത വേര്‍തിരിവൊന്നുമില്ലെന്ന് മനസ്സിലാക്കിത്തരുന്ന ഒരു സംഭവം.

പതിനാല് വര്‍ഷമായി കുടുംബത്തിലെ ഒരും അംഗത്തെ പോലെ ഒരു പെണ്‍കുട്ടിയെ സംരക്ഷിച്ചു. സ്വന്തം മകളെ പോലെ സംരക്ഷിച്ച പെണ്‍കുട്ടിയെ വിവാഹ പ്രായമായപ്പോള്‍ നാടും മതവുമൊന്നും തടസ്സമാകാതെ അനുയോജ്യനായ വരനെ കണ്ടു പിടിച്ചു വിവാഹം ചെയ്തു അയച്ചു.

ഈ നന്മ നിറഞ്ഞ പ്രവര്‍ത്തിക്ക് പിന്നില്‍ റസാഖും കുടുംബവുമാണ്. മതമൊന്നും തടസ്സമാകാതെ വളര്‍ന്നവള്‍ സ്വന്തം മകളായി തന്നെയാണ് ആ വീട്ടില്‍ സുരക്ഷിതയായി കഴിഞ്ഞത്. വിവാഹ പ്രായമായപ്പോള്‍ പൊന്നും പുതുവസ്ത്രങ്ങളും സമ്മാനിച്ച് വിവാഹം നടത്തിക്കൊടുക്കുക മാത്രമല്ല പുതിയൊരു വീടും അവള്‍ക്ക് പണിതുനല്‍കിയാണ് തൃപ്രയാര്‍ പുതിയവീട്ടില്‍ റസാഖും കുടുംബവും ലോകത്തിന് മാതൃകയായത്.

എല്ലാ അര്‍ത്ഥത്തിലും പ്രവര്‍ത്തികൊണ്ട് ഒതു തമിഴ് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയുമായി റസാഖും നൂര്‍ജഹാനും. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു റസാഖ്. ഈ വീട്ടില്‍ എട്ടുവയസ്സുള്ളപ്പോള്‍ എത്തിയതാണ് ഈ തമിഴ് പെണ്‍കുട്ടി. തെരുവില്‍ കഴിയുന്നതിനിടെയാണ് കവിതയെ കിട്ടിയത്. അന്നു മുതല്‍ ഭാര്യയും മൂന്ന് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിലെ നാലാമത്തെ മകളായാണ് കവിത ജീവിച്ചത്. വര്‍ഷത്തിലൊരിക്കല്‍ സേലം വൃദ്ധാചലത്തുള്ള കവിതയുടെ മാതാപിതാക്കള്‍ മകളെ വന്നുകാണുമെങ്കിലും 14 വര്‍ഷത്തിനിടയില്‍ രണ്ടുതവണ മാത്രമാണ് ജന്മനാടായ തമിഴ്നാട്ടിലേക്ക് കവിത പോയിട്ടുള്ളത്.

കേരളത്തിന്റെ രീതികളുമായും റസാഖിന്റെ കുടുംബവുമായും ഏറെ പൊരുത്തപ്പെട്ട കവിതയ്ക്ക് വിവാഹപ്രായം ആയതോടെ അഭയം നല്‍കിയ കുടുംബംതന്നെ വരനെ കണ്ടെത്തുകയും ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. നാട്ടിക സ്വദേശി ശ്രീജിത്ത് ആണ് വരന്‍. ഫോട്ടോഗ്രാഫറും സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനുമാണ് ശ്രീജിത്തിന് അലങ്കാരമത്സ്യകൃഷിയും ഉണ്ട്. റസാഖിന്റെ വീട്ടിലായിരുന്നു വിവാഹച്ചടങ്ങുകള്‍. ഹിന്ദു ആചാര പ്രകാരമാണ് ചടങ്ങുകള്‍ നടന്നത്. വീടിനോടു ചേര്‍ന്നുതന്നെ നാലുസെന്റ് ഭൂമിയില്‍ പുതിയ വീടും കവിതയ്ക്കായി പണിതുനല്‍കിയിട്ടുണ്ട്. റസാഖിന്റെ പെണ്‍മക്കളുടെ വകയായി പന്ത്രണ്ടു പവനോളം സ്വര്‍ണവും നല്‍കി. വിവാഹത്തിന് കവിതയുടെ മാതാപിതാക്കളും രണ്ട് സഹോദരിമാരും വന്നിരുന്നു. ദുഷ്പ്രവൃത്തികള്‍ അനുദിനം പെരുകുന്ന ഇക്കാലത്ത് റസാഖിനെപ്പോലെയുള്ളവരെ ദൈവദൂതരെന്നല്ലാതെ എന്തു വിളിക്കാന്‍.

ഇന്ത്യൻ സൈനികന്റെ മഹത്വം. എട്ടാം വയസില്‍ തെരുവില്‍ ആരോരുമി ല്ലാതെ നിന്ന തമിഴ് ബാലികയെ റസാഖ് കൂടെക്കൂട്ടി ! 14 വര്‍ഷം…

Posted by Bhaskaran Nair Ajayan on Sunday, December 6, 2020

Story Highlights:Tamil girl kavitha raised by rasaque