റിലീസിനൊരുങ്ങി അല്ലു അർജുൻ നായകനാകുന്ന ‘പുഷ്പ’
അഭിനയമികവുകൊണ്ടും സാമൂഹ്യപ്രവർത്തനംകൊണ്ടും നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് അല്ലു അർജുൻ. അതുകൊണ്ടുതന്നെ അല്ലു അർജുൻ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കാറുമുണ്ട്. ‘അല വൈകുണ്ഠപുരമുലോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അല്ലു അർജുൻ നായകനാകുന്ന ചിത്രമാണ് ‘പുഷ്പ’. ‘ആര്യ’, ‘ആര്യ-2’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുൻ- സുകുമാർ കൂട്ടുകെട്ടിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. ഇപ്പോഴിതാ റിലീസിനൊരുങ്ങുകയാണ് പുഷ്പ. ആഗസ്റ്റ് 13 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ലോക്ക് ഡൗണിനെത്തുടർന്ന് സിനിമ ചിത്രീകരണം ആദ്യഘട്ടം നിർത്തിവെച്ചിരുന്നു. പിന്നീട് ശക്തമായ കൊവിഡ് നിയന്ത്രണങ്ങളോടെയാണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ആക്ഷൻ രംഗം വിദേശത്ത് ചിത്രീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് കാലത്ത് ദുരിതത്തിലായ സിനിമയിലെ ദിവസവേതന തൊഴിലാളികളെ സഹായിക്കാനായി ആറ് കോടി രൂപ ചിലവിൽ ഈ രംഗം ഇന്ത്യയിൽ ചിത്രീകരിക്കാൻ തീരുമാനിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പീറ്റർ ഹെയ്ൻ ആണ് ചിത്രത്തില് ആക്ഷൻ കൈകാര്യം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് നായിക. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലൻ ആയി വേഷമിടുന്നത്. മൈത്രി മൂവി മേക്കേഴ്ഡ് ആണ് നിർമാണം. ‘രംഗസ്ഥല’മെന്ന സൂപ്പർഹിറ്റ് രാംചരൺ ചിത്രത്തിന് ശേഷം സുകുമാർ- മൈത്രി മൂവി മേക്കേഴ്സ് ഒന്നിക്കുന്ന ചിത്രമാണ് ‘പുഷ്പ’. തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
Read also:ഇത് അംല റൂയ; ആയിരക്കണക്കിന് ഗ്രാമീണരുടെ ദാഹമകറ്റിയ ജലമാതാവ്
അതേസമയം അഭിനയത്തിന് പുറമെ സാമൂഹിക വിഷയങ്ങളിലും അല്ലു അർജുൻ ഇടപെടാറുണ്ട്. കേരളം ഉൾപ്പെടെ കൊറോണ വൈറസ് മൂലം ദുരിതമനുഭവിയ്ക്കുന്ന മൂന്ന് സംസ്ഥാനങ്ങൾക്കായി ഒരു കോടി 25 ലക്ഷം രൂപയുടെ സഹായം അല്ലു അർജുൻ നൽകിയിരുന്നു. അതോടൊപ്പം സിനിമ മേഖലയിലെ ഫെഫ്ക ജീവനക്കാർക്കും അദ്ദേഹം സഹായം നൽകിയിരുന്നു. അതിന് പുറമെ പ്രളയകാലത്തും കേരളത്തിന് സഹായങ്ങളുമായി അല്ലു അർജുൻ എത്തിയിരുന്നു.
Story Highlights: Allu Arjun film pushpa