പതിനാലാം വയസിൽ അപ്രതീക്ഷിതമായി എത്തിയ വെള്ളപ്പാണ്ടിനെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച ബോഡിബിൽഡർ; പ്രചോദനമാണ് അന്റോണിയ

January 12, 2021

പ്രതിസന്ധി ഘട്ടങ്ങളെ ആത്മവിശ്വാസം കൊണ്ട് നേരിട്ട ഒരു യുവതിയാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ശരീരം മുഴുവൻ വെള്ളപ്പാണ്ട് വന്നിട്ടും അതൊന്നും വകവയ്ക്കാതെ ഫിറ്റ്നസിലും ബോഡിബിൽഡിങ്ങിലും മാത്രം ശ്രദ്ധ നൽകിയാണ് അന്റോണിയ ലിവേഴ്സ് വ്യത്യസ്തയായത്.

ശാരീരിക പ്രത്യേകതകളുടെ പേരിൽ പരിഹാസങ്ങൾക്കും തുറിച്ചുനോട്ടങ്ങൾക്കും ഇടയാകേണ്ടി വന്നിട്ടും അതിനെയെല്ലാം ആത്മവിശ്വാസം കൊണ്ട് നേരിട്ടതാണ് അന്റോണിയ. പതിനാലാം വയസിലാണ് അന്റോണിയയുടെ ശരീരത്തിൽ വെള്ളപ്പാണ്ടിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. കൺപോളയിൽ ആദ്യം വെളുത്ത പാടുകൾ പ്രത്യക്ഷപ്പെട്ടു. പിന്നീടത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചു. വൈദ്യസഹായം തേടിയെങ്കിലും മെലാനിന്റെ അഭാവം മൂലം മാണിതെന്നും മരുന്നുകൊണ്ട് ഇത് പരിഹരിക്കാൻ കഴിയില്ലെന്നും ഡോക്ടറുമാർ പറഞ്ഞു.

തനിക്ക് വെള്ളപാണ്ടാണെന്ന് തിരിച്ചറിഞ്ഞതോടെ അന്റോണിയ കടുത്ത നിരാശയിലായി. ആദ്യമൊക്കെ തന്റെ ശരീരത്തിലെ പാടുകൾ ആളുകൾ കാണുന്നതിൽ അതീവ ദുഃഖിതയായിരുന്നു അന്റോണിയ. എന്നാൽ ഇതിൽ നിന്നും ശ്രദ്ധതിരിക്കാനായി വർക്ക്ഔട്ടിൽ കൂടുതൽ ശ്രദ്ധ കേന്ദീകരിക്കാൻ അന്റോണിയ ശ്രമിച്ചു. ഇത് ആ പെൺകുട്ടിയ്ക്ക് കൂടുതൽ കരുത്ത് പകർന്നു.

പിന്നീട് ബോഡി ബിൽഡിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അന്റോണിയ തീരുമാനിക്കുകയിരുന്നു. ഇതിന് ആവശ്യമായ വസ്ത്രം തിരഞ്ഞെടുത്തപ്പോഴും തന്റെ ശരീരത്തിലെ പാടുകൾ ആളുകൾ കാണുമല്ലോയെന്ന് ഓർത്ത് അവൾ വിഷമിച്ചു. എന്നാൽ പിന്നീട് ആ വേദനകളെയും അന്റോണിയ ചിരിച്ചുകൊണ്ട് മറികടന്നു.

ബോഡി ബിൽഡിങ് മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയ അന്റോണിയയെ തേടി നിരവധി വിജയങ്ങളും എത്തി. ഇത് അന്റോണിയയ്ക്ക് കൂടുതൽ ആർജവമായി. ഇപ്പോൾ ഫിറ്റ്നസ് ട്രെയ്‌നർ കൂടിയായ അന്റോണിയ ലോകത്തിന് മുഴുവൻ പ്രചോദനമായി മാറുകയാണ്.

Story Highlights:Antonia Learned To Accept Her Vitiligo Through Fitness And Bodybuilding