ഈദ് റിലീസായി തുറമുഖവും മാലികും ഒരേ ദിനം തിയേറ്ററിലേക്ക്

January 4, 2021

ലോക്ക് ഡൗണിന് ശേഷം സിനിമാലോകം സജീവമാകുകയാണ്. ഷൂട്ടിങ്ങുകൾ വേഗത്തിൽ പൂർത്തിയാക്കുകയും തിയേറ്റർ തുറക്കുകയും ചെയ്യുന്ന ആവേശത്തിലാണ് സിനിമാ പ്രവർത്തകർ. കേരളത്തിൽ ജനുവരി അഞ്ചിന് തിയേറ്റർ തുറക്കുമ്പോൾ ആദ്യമെത്തുന്നത് മാസ്റ്ററാണ്. ജനുവരി പതിമൂന്നിന് റിലീസ് ചെയ്യുന്ന വിജയ് ചിത്രത്തിന് പിന്നാലെ നിരവധി സിനിമകളാണ് തിയേറ്ററിലേക്ക് എത്താനുള്ളത്. മരക്കാർ അറബിക്കടലിന്റെ സിംഹം ജനുവരി 26ന് റിലീസ് ചെയ്യുമ്പോൾ ‘ദി പ്രീസ്റ്റ്’ ഉടനെത്തും എന്ന് പോസ്റ്ററിലൂടെ പങ്കുവെച്ചിരിയ്ക്കുന്നു.

അതേസമയം, ഈദ് റീലിസായി മാലികും തുറമുഖവും ഒരേദിനം തിയേറ്ററിലേക്ക് എത്തുകയാണ്. മെയ് പതിമൂന്നിനായിരുന്നു ഫഹദ് ഫാസിൽ നായകനായ മാലിക് റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴിതാ, നിവിൻ പോളി നായകനാകുന്ന തുറമുഖവും അതേ ദിവസം തന്നെ തിയേറ്ററുകളിലേക്ക് എത്തുകയാണ്.

ഇരു ചിത്രങ്ങളും താരനിര കൊണ്ടും സാങ്കേതിക പ്രവർത്തകരെ കൊണ്ടും വാളരെയധികം പ്രതീക്ഷ നൽകുന്ന ചിത്രങ്ങളാണ്. ഫഹദിന്റെ മാലിക് 2020 ഏപ്രിലിൽ തിയേറ്ററുകളിൽ എത്തുമെന്ന് കരുതിയിരുന്നെങ്കിലും ലോക്ക് ഡൗൺ കാരണം വൈകി. ന്യൂനപക്ഷ സമുദായത്തിന്റെ നാടുകടത്തൽ ഭീഷണിക്കെതിരെ നിരന്തരം ചെറുത്തുനിൽക്കുന്ന ഒരു സ്ഥലത്തെ ചുറ്റിപ്പറ്റിയുള്ള പൊളിറ്റിക്കൽ ത്രില്ലറാണ് മാലിക്. അങ്ങനെയുള്ളവരുടെ നേതാവായാണ് ഫഹദ് വേഷമിടുന്നതെന്ന് മഹേഷ് നാരായണൻ സൂചന നൽകിയിരുന്നു. 20 വയസ്സ് മുതൽ 57 വയസ്സ് വരെയുള്ള സുലൈമാൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. ഒരു യഥാർത്ഥ സംഭവമാണ് മഹേഷ് ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നത്.

Read More: സ്റ്റീഫൻ നെടുമ്പള്ളിയായി ചിരഞ്ജീവി; ലൂസിഫർ തെലുങ്ക് റീമേക്ക് ആരംഭിക്കുന്നു

അതേസമയം, രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിൽ മൊയ്ദു എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്. കൊച്ചി തുറമുഖത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ, ചാപ്പ സമ്പ്രദായത്തിനെതിരായ തൊഴിലാളികളുടെ പ്രക്ഷോഭത്തെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. നാല്പതുകളും അൻപതുകളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ചിത്രത്തിൽ ഇന്ദ്രജിത്ത്, നിമിഷ സജയൻ, ജോജു ജോർജ്, അർജുൻ അശോകൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

Story highlights- Malik and Thuramukham release