സ്റ്റീഫൻ നെടുമ്പള്ളിയായി ചിരഞ്ജീവി; ലൂസിഫർ തെലുങ്ക് റീമേക്ക് ആരംഭിക്കുന്നു

January 4, 2021

മോഹൻലാൽ എന്ന അത്ഭുതകലാകാരൻ വെള്ളിത്തിരയിൽ വിസ്‌മയം സൃഷ്ടിച്ച പൃഥ്വിരാജ് സുകുമാരൻ ചിത്രം, ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള ചലച്ചിത്രം… ഇങ്ങനെ ഒട്ടേറെ സവിഷേതകൾ നിറഞ്ഞ ചിത്രമായിരുന്നു ‘ലൂസിഫർ’. മികച്ച പ്രതികരണത്തോടെ സിനിമ ആസ്വാദകർ സ്വീകരിച്ച ചിത്രം തെലുങ്കിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്.

‘സാഹോ’ സംവിധായകൻ സുഗീതാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ മോഹൻ രാജയായിരിക്കും സംവിധായകൻ എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. മാസങ്ങൾക്ക് മുൻപേ പ്രഖ്യാപിച്ച ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് കൊവിഡ് പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രം ജനുവരി 20 മുതൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുക. മഞ്ജു വാര്യരുടെ വേഷത്തിൽ നടി സുഹാസിനിയാണ് ചിത്രത്തിലെത്തുന്നത്. വിവേക് ഒബ്‌റോയ് അവതരിപ്പിച്ച വില്ലൻ കഥാപാത്രമായി റഹ്മാനായിരിക്കും വേഷമിടുക എന്നാണ് സൂചന. 

Read also: ഭാഗ്യം തുണയായി: നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 40 കോടി രൂപ, സമൂഹവിവാഹം നടത്തുമെന്ന് യുവാവ്

ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രം നിർമിക്കുന്നതും ചിരഞ്ജീവിയാണ്. കോണിഡെല പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സ് ചിരഞ്ജീവി സ്വന്തമാക്കിയെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചത്.

ജനനേതാവായ പി കെ ആർ എന്ന പി കെ രാംദാസിന്റെ മരണത്തിൽ നിന്നുമാണ് ലൂസിഫർ എന്ന ചിത്രം ആരംഭിക്കുന്നത്. പി കെ ആറിന്റെ മരണത്തെ മുതലെടുക്കുന്ന ഒരുകൂട്ടരിലൂടെയും അവർക്കെതിരെ പോരാടുന്ന സ്റ്റീഫൻ നെടുമ്പള്ളിയിലൂടെയുമാണ് ചിത്രം വികസിക്കുന്നത്. പ്രേക്ഷകർക്ക് ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ആരംഭം മുതൽ അവസാനം വരെ ആരാധകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തിയ ചിത്രമാണ് ലൂസിഫർ.

Story Highlights:lucifer telugu remake from january 20