വരികളിലെ പ്രണയമാണ് ആ ഗാനത്തിന് ഇന്നും ജനമനസ്സുകളില്‍ ഇടം നല്‍കുന്നത്; അനില്‍ പനച്ചൂരാന്റെ ഓര്‍മ്മകളില്‍ രതീഷ് വേഗ

January 4, 2021
Ratheesh Vega About Anil Panachooran

നീയാം തണിലിന് താഴെ
ഞാനിനി അലിയാം കനുവകളാല്‍…. മരണം കവര്‍ന്നെടുത്ത പ്രിയ ഗാനരചയിതാവും കവിയുമായ അനില്‍ പനച്ചൂരാന്റെ ഈ വരികള്‍ ആസ്വാദകമനസ്സുകളില്‍ ഇന്നും പ്രണയത്തിന്റെ പ്രതിഫലനമാകുന്നു. സംഗീത സംവിധായകന്‍ രതീഷ് വേഗ സംഗീതം നല്‍കിയ ഈ ഗാനം കോക്ക്‌ടെയില്‍ എന്ന ചിത്രത്തിലേതാണ്. അനില്‍ പനച്ചൂരാനെക്കുറിച്ച് ഉള്ളുതൊടുന്ന ഓര്‍മ്മക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍ രതീഷ് വേഗ.

കുറിപ്പ്

‘നീയാം തണലിന് താഴെ..
ഞാനിനി അലിയാം കനവുകളാല്‍’
‘കോക്ക്‌ടെയില്‍’ എന്ന എന്റെ ആദ്യ ചിത്രത്തിലെ ഗാനം. വരികളിലെ പ്രണയമാണ് ആ ഗാനത്തിന് ഇന്നും ജനമനസ്സുകളില്‍ ഇടം നല്‍കുന്നത്. ‘പനച്ചു’ എന്ന് ഞാന്‍ സ്‌നേഹത്തോടെ വിളിക്കുന്ന അനുഗ്രഹീത കവി അനില്‍ പനച്ചൂരാന്‍. അദ്ദേഹവുമായി എന്റെ ഓര്‍മ്മകള്‍ ആദ്യമായി സംഗീതം നല്‍കിയ Cafelove എന്ന ആല്‍ബത്തിലെ ‘കിളിവാതില്‍ മെല്ലെ’ എന്ന ഗാനത്തില്‍ നിന്നും തുടങ്ങുന്നു. പിന്നീട് ‘കോക്ക്‌ടെയില്‍’ എന്ന ഞാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ആദ്യ ചിത്രത്തിലേക്ക്.

ഇന്നും എന്നും ഒരിക്കലും മനസ്സില്‍ നിന്നും മായാത്ത ഓര്‍മ്മയാണ് നീയാം തണലിന് താഴെ എന്ന ഗാനത്തിന് വരികള്‍ എഴുതിയ രാത്രി . കൊച്ചി എടശ്ശേരി മാന്‍ഷന്‍ ഹോട്ടലിലെ ഒരു തണുപ്പുള്ള രാത്രിയിലാണ് എന്റെ സംഗീത ജീവിതത്തിലെ ഏറ്റവും മികച്ചത് എന്ന് ഞാന്‍ സ്വയം വിലയിരുത്തുന്ന ഗാനം പിറന്നത്.

‘നീയാം തണലിന് താഴെ’ എന്ന വാക്കുകള്‍ പിറന്നുവീഴുന്നതിന് മുന്‍പ് ഞാന്‍ പനച്ചുവിനോട് പറഞ്ഞത് ‘ഇതെന്റെ ജീവിതമാണ്, നിങ്ങള്‍ തരുന്ന ജീവനുള്ള വാക്കുകളാണ് മലയാള സിനിമാലോകത്ത് ഞാന്‍ ഉണ്ടാകണമോ എന്ന് വിലയിരുത്തപ്പെടേണ്ടത്’. ഈണങ്ങള്‍ ആത്മാവിനോട് ചേരുന്നത് ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന വരികളിലൂടെയാണ്.

കാറ്റുപാടും ആഭേരിരാഗം മോദമായി തലോടിയ പോലെ, മലയാളക്കര നെഞ്ചേറ്റിയ ഒരുപിടി നല്ലവരികളുടെ സൃഷ്ടാവ് അപ്രതീക്ഷിതമായി വിടപറഞ്ഞിരിക്കുന്നു. ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാന്‍ പറ്റാത്ത ചരിത്രമായി നമ്മുടെ ഉള്ളില്‍ എരിഞ്ഞുകൊണ്ടിരിക്കും. എന്റെ പാട്ടുകള്‍ക്ക് ഇനി പനച്ചുവിന്റെ വരികള്‍ ഉണ്ടാവില്ല എന്നുള്ളത് ഒരിക്കലും മാഞ്ഞുപോകാത്ത വേദനയാണ്. ആദരാഞ്ജലികള്‍…

Story highlights: Ratheesh Vega About Anil Panachooran