lakshya

‘നമ്മുടെ ടീമിന്റേത് എത്ര വിസ്മയകരമായ വിജയമാണ്’-ടീം ഇന്ത്യക്ക് അഭിനന്ദനവുമായി ഷാരൂഖ് ഖാൻ

January 20, 2021

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിൽ മിന്നുന്ന വിജയത്തിലൂടെ പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ടീം ഇന്ത്യയുടേത് വിസ്മയകരമായ വിജയമെന്നാണ് ഷാരൂഖ് ഖാൻ പ്രതികരിച്ചത്. രാജ്യത്തിന് അഭിമാനമായി മാറിയ അവസരത്തിൽ ഇന്ത്യൻ ടീമിന് നിരവധി സിനിമാ താരങ്ങൾ അഭിനന്ദനം അറിയിച്ചിരുന്നു.

‘നമ്മുടെ ടീമിന്റേത് എത്ര വിസ്മയകരമായ വിജയമാണ്’..ഓരോ ഓവറും ഓരോ പോലും ഞാൻ നിരീക്ഷിച്ചു. മത്സരം മുഴുവൻ കണ്ടു. ഇപ്പോൾ അല്പം സമാധാനപരമായി ഉറങ്ങുകയും ഈ ചരിത്രനിമിഷം ആസ്വദിക്കുകയും ചെയ്യാം. നമ്മുടെ എല്ലാ താരങ്ങൾക്കും സ്നേഹം അറിയിക്കുകയും ഈ വിജയത്തിലേക്ക് എത്തുന്നതിന് നമ്മളെ ശക്തിപ്പെടുത്തിയ അവരുടെ ഊർജ്വസ്വലതയെ വളരെയധികം അഭിനന്ദിക്കുകയും ചെയ്യുന്നു. ചക് ദേ ഇന്ത്യ’- ഷാരൂഖ് ഖാൻ ട്വിറ്ററിൽ കുറിക്കുന്നു.

നാലാമത്തെയും അവസാനത്തെയും ടെസ്റ്റിൽ മൂന്നു വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. മൂന്നു പതിറ്റാണ്ടിന്റെ ചരിത്രമാണ് ഇതിലൂടെ ഇന്ത്യൻ ടീം തിരുത്തിക്കുറിച്ചത്. 1988ന് ശേഷം ഓസ്‌ട്രേലിയ ആദ്യമായാണ് ബ്രിസ്‌ബെയ്‌നിൽ പരാജയപ്പെട്ടത്.

അതേസമയം, മലയാളത്തിൽ നിന്നും ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ് തുടങ്ങിയവർ ഇന്ത്യൻ ടീമിന് അഭിനന്ദനം അറിയിച്ചു. ‘മൂന്ന് പതിറ്റാണ്ടുകളിലെ ചരിത്രം തകര്‍ത്തു എന്നത് ഒരു ശരാശരി കാര്യമല്ല.വെല്‍ ഡണ്‍ ടീം ഇന്ത്യ. എന്തൊരു പ്രകടനം!! ഇത് കാത്തുസൂക്ഷിക്കുക’- ദുൽഖർ സൽമാൻ കുറിക്കുന്നു. ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക പേജിനെ താരം ടാഗ് ചെയ്തിട്ടുണ്ട്. നടന്‍ പൃഥ്വിരാജും ഇന്ത്യന്‍ ടീമിന് അഭിനന്ദനം അറിയിച്ചിരുന്നു.

Read More: ദേ ഈ കുട്ടിയാണ് മലയാളികളുടെ മനം കവര്‍ന്ന ഇതിഹാസ നടന്‍

‘ഞാന്‍ കണ്ട ഏറ്റവും വലിയ പോരാട്ടം 2001 ഈഡന്‍ ഗാര്‍ഡന്‍സ് ആയിരിക്കാം. എന്നാല്‍ ഇത് ഒരു പരമ്പര മുഴുവനായി, ഇത് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പാടി നടക്കാനുള്ള ഒരു നാടോടി കഥയാണ്. ആസ്‌ട്രേലിയ നിങ്ങള്‍ നന്നായി കളിച്ചു. എന്നാല്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വന്നത് ഇന്ത്യയുടെ പുതിയ തലമുറയെ ആണ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റിന്റെ മൂല്യം ഉയര്‍ത്തിയിരിക്കുന്നു’ എന്നാണ് പൃഥ്വിരാജ് ഇന്ത്യയുടെ വിജയത്തെ പറ്റി കുറിച്ചത്.

Story highlights- sharukh khan praise indian team