ഇടയ്ക്കിടെ നിറംമാറുന്ന ഭീമൻ പാറ; അത്ഭുതങ്ങൾ ഒളിപ്പിച്ച് ഉലുരു

January 7, 2021

പ്രകൃതി ഒരുക്കുന്ന പല പ്രതിഭാസങ്ങളും പലപ്പോഴും മനുഷ്യനെ അത്ഭുതപ്പെടുത്താറുണ്ട്..കൗതുകം നിറഞ്ഞതും നിഗൂഢതകൾ ഒളിപ്പിച്ചതുമായ ഒരുപാട് രഹസ്യങ്ങൾ ഇനിയും ഈ ഭൂമിയിൽ ബാക്കിയുണ്ട്. അത്തരത്തിൽ പ്രകൃതി ഒരുക്കിയ അത്ഭുതങ്ങളിൽ ഒന്നാണ് ഓസ്‌ട്രേലിയയിലെ ഭീമൻ പാറ. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ ഒന്നാണ് ഈ ഭീമൻ പാറ.

വർഷങ്ങൾക്ക് മുൻപ് ഇവിടെ താമസിച്ചിരുന്ന ഓസ്‌ട്രേലിയക്കാർ വളരെ പവിത്രമായി കണ്ടിരുന്ന ഒന്നായിരുന്നു ഈ പാറ. ഉലുരു എന്നും അയേഴ്‌സ് എന്നുമൊക്കെയാണ് ഇവിടുത്തുകാർ ഈ പാറയെ വിശേഷിപ്പിക്കുന്നത്. ആ പ്രദേശത്തെ തന്നെ ഏറ്റവും വലിയ പാറകളിൽ ഒന്നാണ് ഉലുരു. 348 മീറ്റർ ഉയരമാണ് ഈ പാറയ്ക്കുള്ളത്. ഇതിനൊപ്പംതന്നെ ചുവന്ന താഴികക്കുടങ്ങളുടെ ആകൃതിയിലുള്ള 36 പാറകളുടെ കൂട്ടമായ കട്ട ജുട്ടയും ഇവിടെയാണ്. നിരവധി തലകൾ എന്നാണ് കട്ട ജുട്ടയുടെ അർത്ഥം. 500 ദശലക്ഷം വർഷം പഴക്കമുണ്ട് ഈ അത്ഭുത പാറയ്ക്ക്.

Read also:‘വ്യക്തിപരമായി ഒരുപാട് അടുപ്പമുണ്ട് എനിക്ക് അമ്പിളി ചേട്ടനോട്’- ജഗതി ശ്രീകുമാറിനെ കുറിച്ച് എം എ നിഷാദ്

എന്നാൽ ഇവിടുത്തെ ഏറ്റവും ആകർഷണീയമായ ഒന്നാണ് പാറകളുടെ നിറം മാറുന്നത്. സൂര്യന്റെ സ്ഥാനം പാറുന്നതിന് അനുസരിച്ച് പാറയുടെ നിറം മാറും. വൈകുന്നേരങ്ങളിൽ ഈ പാറയ്ക്ക് ഓറഞ്ച് നിറമാണ്. നിരവധി വിനോദസഞ്ചാരികളാണ് ദിവസവും ഇവിടേക്ക് എത്തുന്നത്. പാറകൾക്ക് ചുറ്റുമായി ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾക്ക് നടന്നുകാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി ഇവിടെ മറ്റ് നിരവധി ആകർഷമായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അതിന് പുറമെ വർഷങ്ങൾക്ക് മുൻപ് ഇവിടെ ആളുകൾ താമസിച്ചിരുന്നു എന്നതിന്റെ തെളിവായി പാറകളിൽ മനോഹരമായ കൊത്തുപണികളും കാണാം. ധാരാളം അരുവികളും ജലാശയങ്ങളും ഗുഹകളും, ഗുഹാചിത്രങ്ങളും എല്ലാമുള്ള സ്ഥലം കൂടിയാണ് ഈ പ്രദേശം.

Story Highlights: Uluru Rock in Australia