81 ന്റെ നിറവിൽ ഗാനഗന്ധർവൻ; മലയാളി ഹൃദയങ്ങളെ സംഗീത സാന്ദ്രമാക്കിയ ദാസേട്ടന് പിറന്നാൾ ആശംസകൾ…

January 10, 2021
yesudas-81-birthday

മലയാളത്തിന്റെ ഗാനഗന്ധർവൻ യേശുദാസിന് ഇന്ന് പിറന്നാൾ. ശബ്ദമാധുര്യംകൊണ്ട് ആസ്വാദകഹൃദയങ്ങൾ തൊട്ടുണർത്തുന്ന ഗന്ധർവ്വനാദം കേട്ടുണരാത്ത ഒരു ദിനം പോലും മലയാളികൾക്ക് ഉണ്ടാവില്ല. അത്രമേൽ ഹൃദയതാളങ്ങൾ കീഴടക്കികഴിഞ്ഞു ഈ അത്ഭുതഗായകനും അദ്ദേഹത്തിന്റെ സ്വരമാധുര്യം.

മലയാളികളുടെ ചിരിയിലും ദുഃഖത്തിലും ഒരുപോലെ ഇണങ്ങുന്ന ശബ്ദം..മലയാളികളുടെ ശൈശവവും ബാല്യവും കൗമാരവും യൗവ്വനവും വർധക്യവുമെല്ലാം ഒരുപോലെ സംഗീത സാന്ദ്രമാക്കിലായ കലാകാരൻ.. എൺപത്തിയൊന്നിന്റെ നിറവിൽ നിൽക്കുന്ന ഗാനഗന്ധർവൻ യേശുദാസിന് പിറന്നാൾ ആശംസകളുമായി എത്തുകയാണ് ലോകം മുഴുവനുമുള്ള സംഗീത പ്രേമികൾ.

1940 ജനുവരി പത്തിന് ഫോർട്ട് കൊച്ചിയിൽ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി യേശുദാസ് ജനിച്ചു. അച്ഛൻ പാടിക്കൊടുത്ത ഗാനങ്ങളിലൂടെ സംഗീതത്തെ സ്നേഹിച്ചുതുടങ്ങിയ കൊച്ചുകലാകാരൻ, 1949 ൽ ഒമ്പതാം വയസിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. പിന്നീട് പഠനത്തിനൊപ്പം സംഗീതവും ഒപ്പം ചേർത്തുപിടിച്ച ബാലൻ, പാടിത്തന്ന ഒരോ വരികളും മലയാളികൾ ഹൃദയംകൊണ്ട് ഏറ്റെടുക്കുകയായിരുന്നു.

1961 ൽ ‘കാൽപ്പാടുകൾ’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ചലച്ചിത്രപിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ‘ജാതിഭേദം മതദ്വേഷം’ എന്ന ഗുരുദേവകീർത്തനം പാടികൊണ്ടാണ് ചലച്ചിത്ര സംഗീത ലോകത്ത് ദാസേട്ടൻ ഹരിശ്രീ കുറിയ്ക്കുന്നത്. പിന്നീടങ്ങോട്ട് തലമുറകളുടെ വ്യത്യസമില്ലാതെ മലയാളികളുടെ പ്രിയസ്വരമായി അലിഞ്ഞുചേർന്നു ദാസേട്ടന്റെ പാട്ടുകൾ. കാശ്‌മീരി, കൊങ്കണി എന്നിവ ഒഴികെ എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്.

Read also:മഞ്ഞുപാളികൾക്കിടയിൽ ഒളിഞ്ഞുകിടക്കുന്ന അത്ഭുതയിടം; അമ്പരപ്പിച്ച് സെഞ്ചുറി ബേസിൻ

അതേസമയം പതിവ് രീതികളിൽ നിന്നും മാറി ഇത്തവണ പിറന്നാൾ ദിനത്തിൽ കൊടുങ്ങല്ലൂരിലെ മൂകാംബിക ക്ഷേത്രത്തിൽ അദ്ദേഹം എത്തില്ല. കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ഇത്തവണ കടുംബംങ്ങൾക്കൊപ്പമാണ് പിറന്നാൾ ആഘോഷം.

Story Highlights: yesudas 81 birthday