കൊവിഡ് കാലത്തും ഇടവേളകൾ ഇല്ലാതെ കർമനിരതയായി ഒരു 12 വയസുകാരി ടീച്ചർ

കൊവിഡ് മഹാമാരി പൂർണമായും ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല. കൊവിഡ് കാലത്തെ നഷ്ടത്തിന്റെയും അതിജീവനത്തിന്റെയും നിരവധി കഥകൾ ഇതിനോടകം നാം കെട്ടുകഴിഞ്ഞു. ഇപ്പോഴിതാ കൊവിനെത്തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ സ്കൂളിൽ പോകാൻ കഴിയാതിരുന്ന കുട്ടികൾക്ക് വേണ്ടി ടീച്ചറായ ഒരു പന്ത്രണ്ട് വയസുകാരിയാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. റീം അൽ ഖൗലി എന്ന പെൺകുട്ടിയാണ് വിശ്രമമില്ലാതെ അടുത്തുള്ള കുട്ടികൾക്ക് വേണ്ടി സ്വയം അധ്യാപികയായത്.
ഈജിപ്തിലെ കെയ്റോയിലുള്ള അത്മീദ എന്ന ഗ്രാമത്തിലാണ് സ്കൂളിൽ പോകാൻ കഴിയാതെ ഇരുന്ന നിരവധി കുട്ടികൾക്കും വിദ്യാഭ്യസം ലഭിക്കാതിരുന്ന മുതിർന്നവർക്കുമായി റീം അൽ ഖൗലി ക്ലാസുകൾ സംഘടിപ്പിച്ചത്. 30 കുട്ടികൾക്കാണ് ഇപ്പോൾ റീം അൽ ഖൗലി ക്ലാസുകൾ എടുക്കുന്നത്. ദിവസവും രാവിലെ പ്രാർത്ഥന കഴിഞ്ഞാലുടൻ ഈ കുട്ടി ടീച്ചർ ക്ലാസുകൾ ആരംഭിക്കും. അറബി, കണക്ക്, ഇംഗ്ലീഷ് എന്നിവയാണ് റീം അൽ ഖൗലി പഠിപ്പിക്കുന്നത്.
ആദ്യമൊക്കെ ഓരോ കുട്ടികൾക്കുമായി പാഠഭാഗങ്ങൾ പറഞ്ഞുകൊടുത്തിരുന്ന ഈ കൊച്ചുപെൺകുട്ടിയെക്കുറിച്ച് നാട്ടിൽ അറിഞ്ഞതോടെ മികച്ച പിന്തുന്ന ഈ ടീച്ചർക്ക് ലഭിച്ചു. തുടർന്ന് ഗ്രാമത്തിൽ എല്ലാവർക്കും ഒരുപോലെ ക്ലാസുകൾ കേൾക്കാൻ കഴിയുന്ന രീതിയിൽ വലിയ ബോർഡും മറ്റുമുള്ള സൗകര്യങ്ങൾ ഉപയോഗിച്ചായി റീം അൽ ഖൗലിയുടെ ക്ലാസുകൾ. അതേസമയം തുടക്കത്തിൽ ഈ ക്ലാസുകൾക്ക് നിരവധിപേർ എതിർപ്പുമായി വന്നെങ്കിലും പിന്നീട് എല്ലാവരും ഈ കൊച്ചു ടീച്ചറെ ഏറ്റെടുക്കുകയായിരുന്നു.
Story Highlights:12-year-old girl teaches neighbours during school closure