‘തിരക്കിനിടയിൽ ‘ദൃശ്യം 2′ കാണാനും അതിനെക്കുറിച്ച് പങ്കുവയ്ക്കാനും സമയം കണ്ടെത്തിയതിനു നന്ദി’- അശ്വിന് നന്ദി പറഞ്ഞ് മോഹൻലാൽ

February 24, 2021

ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തതുകൊണ്ടുതന്നെ ഇന്ത്യ ഒട്ടാകെ മികച്ച പ്രതികരണം നേടുകയാണ് ദൃശ്യം 2. അതുകൊണ്ട് തന്നെ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയും വളരെ വലുതാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ ദൃശ്യം 2 കണ്ട അനുഭവം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, അശ്വിന് നന്ദി അറിയിക്കുകയാണ് നടൻ മോഹൻലാൽ.

ആറായിരത്തോളം ട്വീറ്റുകളും അറുപതിനായിരത്തോളം ലൈക്കുകളും ലഭിച്ച അശ്വിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ നന്ദി അറിയിച്ചത്. ‘താങ്കളുടെ തിരക്കുപിടിച്ച ഷെഡ്യൂളിനിടയിലും ദൃശ്യം 2 കാണാനും അതിനെക്കുറിച്ച് പങ്കുവയ്ക്കാനും സമയം കണ്ടെത്തിയതിനു നന്ദി. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ വലുതാണ് ഇത്. താങ്കളുടെ കരിയറിന് എല്ലാവിധ ഭാവുകങ്ങളും അശ്വിൻ’- മോഹൻലാലിൻറെ വാക്കുകൾ.

ദൃശ്യം 2 കണ്ടതിന്‍റെ ആവേശത്തില്‍ അശ്വിന്‍റെ ട്വീറ്റ് ഇങ്ങനെ ആയിരുന്നു.. ‘ജോര്‍ജുകുട്ടി (മോഹന്‍ലാല്‍) കോടതിയില്‍ ആ ട്വിസ്റ്റ് സൃഷ്ടിച്ചപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചുപോയി.ചിത്രം നിങ്ങള്‍ ഇനിയും കണ്ടിട്ടില്ലെങ്കില്‍ ദയവായി ദൃശ്യം 1 മുതല്‍ വീണ്ടും ആരംഭിക്കുക.ഗംഭീരം!! ശരിക്കും ഗംഭീരം’.

Read More: കഥാപാത്രമാകാന്‍ 1984-ലെ മാരുതി കാറും; ആസിഫ് അലി നായകനാകുന്ന മഹേഷും മാരുതിയും ഒരുങ്ങുന്നു

ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ ദൃശ്യം 2 ഫെബ്രുവരി 19 മുതൽ പ്രേക്ഷകരിലേക്കെത്തി. മോഹന്‍ലാലിനൊപ്പം മീന, ആശാ ശരത്, അന്‍സിബ, എസ്തേര്‍, സിദ്ദിഖ്, മുരളി ഗോപി, സായ്കുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. 

Story highlights-mohanlal thank aswin