ഇനി ദേശരാജിന് കുടുംബത്തിനൊപ്പം ജീവിക്കാം; കൊച്ചുമകളെ പഠിപ്പിക്കാൻ വീട് വിറ്റ് ഓട്ടോയിൽ താമസമാക്കിയ മുത്തച്ഛന് 24 ലക്ഷം രൂപയുടെ സഹായം

February 24, 2021

കൊച്ചുമകളെ പഠിപ്പിക്കുന്നതിനായി വീട് വിറ്റ് ഓട്ടോയിൽ ജീവിച്ച ദേശരാജ് എന്ന മുംബൈ സ്വദേശിയുടെ കഥ ലോകം ഏറ്റെടുത്തിരുന്നു. ഹ്യൂമൻസ് ഓഫ് ബോംബെയുടെ പേജിലൂടെ ദേശരാജിന്റെ കഥ ശ്രദ്ധനേടിയപ്പോൾ ഒരിക്കലും അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകില്ല, ഇങ്ങനെയൊരു വഴിത്തിരിവാണ് കാലം കാത്തുവെച്ചിരിക്കുന്നതെന്ന്. ദേശരാജിന്റെ മക്കളുടെ മരണശേഷം, മരുമകളുടെയും അവരുടെ നാല് മക്കളുടെയും ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു.

മരണാനന്തര ചടങ്ങുകൾക്ക് ശേഷം കൊച്ചുമകളുടെ ചോദ്യമാണ് അദ്ദേഹത്തെ വീട് വിറ്റ് ഓട്ടോയിൽ ജീവിക്കാൻ പ്രേരിപ്പിച്ചത്. അന്ന് ഒൻപതാം ക്ലാസ്സിലായിരുന്ന കുട്ടി ഇനിയെനിക്ക് പഠനം തുടരാനാകുമോ എന്ന സങ്കടം പങ്കുവച്ചപ്പോൾ ഒട്ടും തന്നെ ആലോചിക്കാതെ ഒരിക്കലും അങ്ങനെയൊരു ആശങ്കയുടെ ആവശ്യം ഉണ്ടാകില്ലെന്ന് അവൾക്ക് ഉറപ്പ് നൽകുകയായിരുന്നു ദേശരാജ്.

ഏഴ് പേരുള്ള തന്റെ കുടുംബത്തെ പരിപാലിക്കാൻ അദ്ദേഹം മണിക്കൂറുകളോളം ജോലി ചെയ്തു. വരുമാനത്തിന്റെ ഭൂരിഭാഗവും അദ്ദേഹത്തിന്റെ കൊച്ചുമക്കളുടെ സ്കൂൾ ഫീസിലേക്ക് നീങ്ങി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കൊച്ചുമകൾ 80 ശതമാനം മാർക്ക് നേടിയപ്പോൾ സൽഹിയിൽ പോയി ബിഎഡ് പഠിക്കാനുള്ള ആഗ്രഹം ദേശരാജിനോട് പങ്കുവെച്ചു. മറ്റൊരു നഗരത്തിലേക്ക് അയച്ച് പഠിപ്പിക്കുന്നത് തന്റെ കയ്യിൽ നിൽക്കുന്ന കാര്യമല്ല എന്നറിഞ്ഞിട്ടും, ദേശ്‌രാജ് കൊച്ചുമകളുടെ ആഗ്രഹം സാധിച്ചു നൽകി.

Read More: 27 വർഷമായി ഡിവിഡികൾ ഫ്രിഡ്ജിൽ സൂക്ഷിച്ച് യുവാവ്; വിചിത്ര ശീലത്തിന് പിന്നിൽ

കൊച്ചുമകളുടെ വിദ്യാഭ്യാസത്തിനായി ദേശരാജ് വീട് വിറ്റു. ഭാര്യയെയും മരുമകളെയും മറ്റ് പേരക്കുട്ടികളെയും തന്റെ ഗ്രാമത്തിലെ ബന്ധുവിന്റെ വീട്ടിലേക്ക് അയച്ചു. അങ്ങനെ അദ്ദേഹം ഓട്ടോയിൽ ജീവിക്കാൻ തുടങ്ങി. ഇദ്ദേഹത്തിന്റെ കഥ ലോകമറിഞ്ഞപ്പോൾ ഗുഞ്ചൻ റാട്ടി എന്ന വ്യക്തി ഫേസ്ബുക്കിലൂടെ ധനസമാഹരണം ആരംഭിക്കുകയായിരുന്നു. ഒട്ടേറെ നല്ല മനസുകൾ ദേശരാജിന് ധനസഹായവുമായി എത്തി. 24 ലക്ഷം രൂപയാണ് ഒടുവിൽ ദേശരാജിന് ചെക്കായി കൈമാറിയത്.

Story highlights- Mumbai auto driver who sold house to educate granddaughter receives Rs 24 lakh in donations