കടൽത്തീരങ്ങളും പർവ്വതങ്ങളും കടന്ന് കൊച്ചിയിൽ നിന്നും കാശ്മീരിലേക്ക്; സ്വന്തം കാറിൽ തനിച്ച് ഇന്ത്യ കാണാനായി നിധി

February 7, 2021

യാത്രകളെ പ്രണയിക്കുന്നവരുടെ ഏറ്റവും വലിയ പ്രത്യേകത ഒറ്റയ്ക്ക് സഞ്ചരിക്കാനുള്ള ധൈര്യമാണ്. എത്രദൂരം വേണമെങ്കിലും കാഴ്ചകൾ കണ്ടും സംസ്കാരങ്ങൾ അടുത്തറിഞ്ഞും അവർ ലോകം മുഴുവൻ യാത്ര ചെയ്യും. അങ്ങനെയൊരു യാത്ര പോകുകയാണ് കൊച്ചിയിൽ നിന്നും ഒരു പെൺകൊടി. ഒറ്റയ്ക്ക് സ്വന്തം കാറിൽ ഇന്ത്യ കാണാൻ ഇറങ്ങിയിരിക്കുകയാണ് നിധി ശോശ കുര്യൻ. കൊച്ചിയിൽ നിന്നും കാശ്മീർ വരെയാണ് തീരങ്ങളും പർവ്വതങ്ങളും താണ്ടി നിധിയുടെ യാത്ര.

64 ദിവസത്തിനുള്ളിൽ ഇന്ത്യ പൂർണമായും കണ്ട് ലക്ഷ്യം പൂർത്തിയാക്കാനാണ് കരുതുന്നത്. സോളോ ട്രിപ്പുകളിലൂടെ മുൻപ് തന്നെ ശ്രദ്ധേയയായ നിധി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്നും ഞായറാഴ്ച്ച രാവിലെ ഏഴുമണിക്ക് യാത്ര ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ പ്രശസ്തരായ യാത്ര ദമ്പതികളായ വിജയൻ- മോഹന ദമ്പതികളാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. കേരളത്തിൽ നിന്നും ഇതാദ്യമായാണ് ഒരു വനിത ഒറ്റയ്ക്ക് ഇന്ത്യൻ പര്യടനത്തിന് പോകുന്നത്.

പോകുന്നിടത്തെല്ലാം താമസ സൗകര്യവും ഒരുക്കിയ നിധി കൊവിഡ് പശ്ചാത്തലത്തിൽ റസ്റ്റോറന്റ്റ് ഭക്ഷണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ സൗകര്യം ഒപ്പം കരുതിയിട്ടുമുണ്ട്. അതേസമയം, സ്‌പോൺസർമാർ ഒന്നുമില്ലാതെ സ്വന്തം ചെലവിലാണ് നിധിയുടെ യാത്ര. ‘തീരങ്ങളും പർവ്വതങ്ങളും തേടിയുള്ള സഞ്ചാരം’ എന്നാണ് യാത്രയുടെ തീം. കൊച്ചിയിൽ നിന്നും പുതുച്ചേരിയിലേക്കാണ് ആദ്യ യാത്ര. പിന്നീട് അവിടെ നിന്നും തീരങ്ങളിലൂടെ കശ്മീരിൽ രാജ്യാതിർത്തിയായ കാർഗിൽ വരെ യാത്ര. റെനോ ക്വിഡിലാണ് നിധി യാത്ര പുറപ്പെട്ടത്.

Read More: ഒക്കസ്രായും, അരോവേലയും പിന്നെ എപ്പിഡോസും; സോഷ്യൽ ലോകത്ത് ഹിറ്റാണ് മിയക്കുട്ടി- വീഡിയോ

അവഞ്ചർ ബൈക്കിൽ സോളോ ട്രിപ്പുകൾ നടത്തുന്ന നിധി കോട്ടയം സ്വദേശിനിയാണ്. കൊച്ചിയിൽ മൂവി പ്രൊഡക്ഷനിൽ ജോലിയുണ്ട്, മാത്രമല്ല ഫ്രീലാൻസ് ബ്രോഡ്കാസ്റ്റ് ജേര്ണലിസ്റ്റുമാണ്. യാത്രാനുഭവങ്ങൾ പങ്കുവെച്ച് ഇതിനോടകം മൂന്നു പുസ്തകങ്ങളും രചിച്ചുകഴിഞ്ഞു.

Story highlights- nidhi sosa kurians the great indian trip