’27 വർഷങ്ങൾക്ക് ശേഷം മീനാക്ഷി ചേട്ടച്ഛനെ കണ്ടുമുട്ടി’- ചിത്രം പങ്കുവെച്ച് വിന്ദുജ
മലയാളികളുടെ മനസ്സിൽ നൊമ്പരവും സ്നേഹവുമെല്ലാം ഒരുപോലെ പകർന്ന ചിത്രമായിരുന്നു പവിത്രം. മോഹൻലാൽ, വിന്ദുജ, തിലകൻ, ശ്രീവിദ്യ, ശ്രീനിവാസൻ തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിട്ട് 27 വർഷങ്ങളായി. ചേട്ടച്ഛനായി മോഹൻലാലും മീനാക്ഷിയായി വിന്ദുജയുമാണ് വേഷമിട്ടത്. ഇപ്പോഴിതാ, 27 വർഷങ്ങൾക്ക് ശേഷം മീനാക്ഷിയും ചേട്ടച്ഛനും കണ്ടുമുട്ടിയിരിക്കുകയാണ്. നടി വിന്ദുജയാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
‘പവിത്രം പ്രേക്ഷകരിലേക്ക് എത്തി 27 വർഷത്തിനുശേഷം മീനാക്ഷി ചേട്ടച്ഛനെ കണ്ടുമുട്ടി. ഇത് അവിസ്മരണീയമായ അനുഗ്രഹമാണ്. സംവിധായകൻ ടി കെ രാജീവ് കുമാറിന്റെ സാന്നിധ്യത്തിൽ ഇത് കൂടുതൽ പ്രത്യേകതയുള്ള ഒന്നായി മാറി’- ചിത്രത്തിനൊപ്പം വിന്ദുജയുടെ വാക്കുകൾ. താര സംഘടനയായ അമ്മയുടെ പുതിയ ബഹുനില മന്ദിര ഉദ്ഘാടന വേളയിലാണ് മോഹൻലാലിനെ വിന്ദുജ കണ്ടുമുട്ടിയത്.
Read More: ചിരിയുടെ പൂരപ്പറമ്പിൽ വീണ്ടും കൊടിയേറ്റ്- കോമഡി ഉത്സവം ഉടനെത്തുന്നു
ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ 1994-ൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് പവിത്രം. വിശുദ്ധി ഫിലിംസിന്റെ ബാനറിൽ തങ്കച്ചൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജൂബിലി പിക്ചേഴ്സ് ആണ്. പി. ബാലചന്ദ്രൻ, ടി.കെ. രാജീവ് കുമാർ എന്നിവരാണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പി. ബാലചന്ദ്രൻ ആണ്. വിന്ദുജയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.
Story highlights- vindhuja menon facebook post