ഷൂട്ടിങ്ങിൽ മെഡൽ തിളക്കത്തിൽ അജിത്; കരസ്ഥമാക്കിയത് സ്വർണമടക്കം ആറു മെഡലുകൾ

March 8, 2021

തമിഴ് സിനിമാലോകത്തെ മുൻനിര നായകൻ എന്നതിലുപരി ബഹുമുഖപ്രതിഭയാണ് അജിത്. അഭിനയത്തിന് പുറമെ റേസിംഗ്, ഷൂട്ടിംഗ് തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച അജിത് ഒരു മികച്ച കായികതാരമാണ്. ഇപ്പോഴിതാ, 46-ാമത് തമിഴ്‌നാട് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ അദ്ദേഹം മെഡൽ തിളക്കത്തിലാണ്. ചെന്നൈ റൈഫിൾ ക്ലബിന്റെ ഭാഗമായി ആറ് മെഡലുകളാണ് അജിത് സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അജിത് റൈഫിൾ ഷൂട്ടിംഗ് പരിശീലിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. മാർച്ച് 2 നും മാർച്ച് 7 നും ഇടയിൽ നടന്ന തമിഴ്‌നാട് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുക്കാനായുള്ള അജിത്തിന്റെ തയ്യാറെടുപ്പായിരുന്നു ചിത്രങ്ങളിലൂടെ പ്രചരിച്ചത്.

Read More: രാജ്യം കൈയടിച്ച മുത്തശ്ശി; വനിതാ ദിനത്തിൽ ഒരിക്കൽ കൂടി അഭിമാനിക്കാം ഈ അമ്മയെ ഓർത്ത്…

മെഡലുകൾ കഴുത്തിൽ അണിഞ്ഞുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹാംധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. സിനിമാതിരക്കുകൾ മാറ്റിവെച്ചാണ് അജിത് മത്സരത്തിൽ പങ്കെടുത്തത്. അതേസമയം, അജിത് നായകനായി അണിയറയിൽ പുരോഗമിക്കുന്ന ചിത്രമാണ് വലിമയ്. ചിത്രത്തിൽ ഐശ്വരമൂർത്തി എന്ന ഐപിഎസ് ഓഫീസറായാണ് അജിത് എത്തുന്നത്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. വലിമയിലൂടെ ബോളിവുഡ് താരം ജോൺ എബ്രഹാം തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ്. ജോൺ എബ്രഹാം അതിഥി വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Story highlights- Ajith wins six medals as part of Chennai Rifle Club in shooting championship