പതിനായിരത്തോളം ആനകള്‍ക്ക് പുതുജീവന്‍ നല്‍കിയ ഒരു ‘ആനഡോക്ടര്‍’

March 16, 2021
Elephant doctor Kushal Konwar Sarma

തലയുയര്‍ത്തി നില്‍ക്കുന്ന ഗജരാജ വീരന്മാരോട് ആരാധനയാണ് പലര്‍ക്കും. ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും പഞ്ഞമില്ല. മുപ്പത്തിയഞ്ച് വര്‍ത്തിലേറെയായി ആനകള്‍ക്ക് വേണ്ടി ജീവിതം പോലും മാറ്റിവെച്ച ഒരു ഡോക്ടറുണ്ട്. കുശാല്‍ കന്‍വര്‍ ശര്‍മ. ‘ആനഡോക്ടര്‍’ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത് പോലും. കാരണം പതിനായിരത്തിലേറെ ആനകള്‍ക്കാണ് കുശാല്‍ കന്‍വര്‍ ശര്‍മ പുതുജീവന്‍ നല്‍കിയത്.

ഇന്ത്യയിലേയും ഇന്തോനേഷ്യയിലേയും വനാന്തരങ്ങളിലാണ് പ്രധാനമായും ഈ ആനഡോക്ടറുടെ സേവനം. കാടുകളില്‍ നിന്നും നിരവധിയാനകളേയും ഇദ്ദേഹം രക്ഷപ്പെടുത്തിയിട്ടുണ്ട്. അറുപത് വയസ്സായെങ്കിലും കൂടുതല്‍ സമയവും ആനകള്‍ക്കൊപ്പം ചെവഴിക്കാനാണ് കുശാല്‍ കന്‍വര്‍ ശര്‍മയുടെ ആഗ്രഹം. ആസാം സ്വദേശിയാണ് ഇദ്ദേഹം. ജീവിതത്തില്‍ കുടുംബത്തിനൊപ്പം ചെലവഴിച്ച സമയത്തേക്കാള്‍ അധികമാണ് ആനകള്‍ക്കൊപ്പം ചെലവഴിച്ച സമയമെന്നും ഇദ്ദേഹം പറയുന്നു.

Read more: മിയയ്ക്ക് അരികിലേയ്ക്ക് അപ്പുവിന്റെ സര്‍പ്രൈസ് എന്‍ട്രി; പ്രണയാര്‍ദ്രമായി ചുവടുവെച്ച് ഇരുവരും, ഒപ്പം ചില കുടുംബവിശേഷങ്ങളും

ആനകളോട് ആംഗ്യഭാഷയില്‍ സംസാരിക്കുന്ന കൂശാല്‍ കന്‍വര്‍ ശര്‍മയ്ക്ക് ആനകളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു. കുട്ടിക്കാലം മുതല്‍ക്കേ ആനപ്രിയനായിരുന്നു കുശാല്‍ കന്‍വര്‍ ശര്‍മ. അദ്ദേഹത്തിന്റെ വീട്ടിലുമുണ്ടായിരുന്നു ഒരാന. ലക്ഷ്മി എന്നായിരുന്നു പേര്. ലക്ഷ്മിയാനയുടെ പുറത്തുകയറി ഗ്രാമത്തിലൂടെ സഞ്ചരിക്കുന്നതെല്ലാം ഒരിക്കലും വിസ്മരിക്കാനാവാത്ത ഓര്‍മകളാണ് കുശാല്‍ ശര്‍മയ്ക്ക്. ആ ഓര്‍മകളില്‍ നിന്നുമാണ് അദ്ദേഹത്തിന്റെ ആനപ്രിയം നാള്‍ക്കുനാള്‍ വര്‍ധിച്ചതും.

1984-ലാണ് ആനഡോക്ടറായുള്ള തന്റെ സേവനം ആരംഭിയ്ക്കുന്നത്. കുശാല്‍ കന്‍വര്‍ ശര്‍മയുടെ മെന്ററായിരുന്ന പ്രൊഫസര്‍ സുഭാഷ് ചന്ദ്ര പതക്കിനൊപ്പം ഒരു ആനയെ ചികിത്സിച്ചുകൊണ്ടായിരുന്നു തുടക്കം. മണ്‍സൂണ്‍ കാലത്ത് മഴ കനക്കുമ്പോഴാണ് കൂടുതല്‍ ആനകള്‍ക്കും കുശാല്‍ ശര്‍മയുടെ സേവനം ലഭിയ്ക്കുന്നത്. ആനകള്‍ക്ക് മാത്രമല്ല മറ്റ് പല മൃഗങ്ങള്‍ക്കും വെള്ളപ്പൊക്ക സമയത്ത് ഇദ്ദേഹം രക്ഷകനായിട്ടുണ്ട്. അസ്സമിലെ മൂന്ന് ലക്ഷത്തോളം കിലോമീറ്റര്‍ വനത്തില്‍ ഇതിനോടകം ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ആസമില്‍ നിന്നും മാത്രമായി തന്നെ ആയിരക്കണക്കിന് ആനകളേയും രക്ഷപ്പെടുത്തിയിട്ടുമുണ്ട്. കുശാല്‍ കന്‍വര്‍ ശര്‍മയുടെ അതുല്യ സേവനം കണക്കിലെടുത്ത് രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു.

Story highlights: Elephant doctor Kushal Konwar Sarma