ഭക്ഷണകാര്യത്തിൽ വേണം അല്പം കരുതലും ശ്രദ്ധയും; അറിയാം പപ്പായയുടെ ഗുണങ്ങൾ

March 3, 2021
papaya

കൃത്യതയില്ലാത്ത ഭക്ഷണരീതിയും ഫാസ്റ്റ് ഫുഡിന്റെ അമിതോപയോഗവും നിരവധി രോഗങ്ങളെയാണ് വിളിച്ചുവരുത്തുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണകാര്യത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തണം. കൂടുതലായും വിഷമയമില്ലാത്ത നാട്ടിൻപുറങ്ങളിൽ സുലഭമായി ലഭ്യമാക്കുന്ന വിഭവങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അത്തരത്തിൽ എല്ലാ സീസണിലും ഒരുപോലെ സുലഭമാകുന്ന ഒന്നാണ് പപ്പായ. വൈറ്റമിൻ, ധാതുക്കൾ, നാരുകൾ, എന്നിവയാല്‍ സമൃദ്ധമാണ് പപ്പായ.

പപ്പായ കാൻസറിനെ പോലും തടഞ്ഞു നിറുത്താൽ കഴിവുള്ള അപൂർവ ഫലങ്ങളിൽ ഒന്നാണ്. നമ്മുടെ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുന്നതിനും കാൻസർ തടയുന്നതിനും അപകടകാരികളായ അനേകം ബാക്റ്റീരിയകളെ നശിപ്പിക്കുന്നതിനും പപ്പായക്ക് കഴിയും. ദഹന സംബന്ധമായ അസുഖങ്ങൾക്കു പപ്പായ ഔഷധമായി ഉപയോഗിക്കുന്നു. പപ്പായയിൽ നിന്നും ലഭിക്കുന്ന പപ്പൈൻ എന്ന എൻസൈം ചേർന്ന മരുന്നുകൾ മുറിവ്, ചതവ് തുടങ്ങിയവക്ക് ഫലപ്രദമായി ഉപയോഗിക്കുന്നു. പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും പ്രതിരോധിക്കും.

കണ്ണിന്റെ കാഴ്ചയ്ക്കും പപ്പായ ഉത്തമമാണ്. പപ്പായയിലെ പൊട്ടാസ്യം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും മികച്ചതാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന പാപെയിൻ, കൈമോപാപെയിൻ തുടങ്ങിയ എൻസൈമുകൾ ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമാറ്റോയിഡ് ആർത്രൈറ്റിസ് എന്നിവ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും ശ്വാശ്വത പരിഹാരമാണ്.

Read also: കേൾവിക്കുറവ് നിസ്സാരമായി കാണരുത്; 2050 ആകുമ്പോഴേക്കും നാലിൽ ഒരാൾക്ക് കേൾവിസംബന്ധമായ രോഗങ്ങൾ-ലോകാരോഗ്യസംഘടന

പപ്പായയോടൊപ്പം പപ്പായയുടെ ഇലയിലും കുരുവിലും വരെ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കാരിക്ക പപ്പായ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന പപ്പായയുടെ ജന്മ സ്ഥലം മെക്സിക്കോയാണെന്ന് പറയപ്പെടുന്നു. ബ്രസീൽ, ബംഗ്ളാദേശ്, പാകിസ്ഥാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ വിപുലമായ രീതിയിൽ പപ്പായ കൃഷി ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷത്തിൽ സ്ഥിരമായി ഉൾപ്പെടുത്താവുന്ന ഭക്ഷണവിഭവങ്ങളിൽ ഒന്നാണ് പപ്പായ.

Story Highlights: Health benefits of papaya