പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഡയറ്റ്, ഒപ്പം വ്യായാമവും: അറിയാം കരള്‍ സംരക്ഷണത്തെക്കുറിച്ച്
സ്വന്തം ശരീരത്തിന്റേയും മനസ്സിന്റേയുമൊക്കെ ആരോഗ്യത്തെ മറന്നുകൊണ്ടുള്ള ജീവിതശൈലിയാണ് ഇക്കാലത്ത് പലരും പിന്തുടരുന്നത്. ജങ്ക് ഫുഡുകളുടേയും മദ്യത്തിന്റേയുമൊക്കെ അമിതോപയോഗവും ചിട്ടയില്ലാത്ത ദിനചര്യകളുമൊക്കെ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. മനുഷ്യശരീരത്തിലെ ഓരോ അവയവങ്ങളും വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ എപ്പോഴും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് കരളിന്റേയും ഹൃദയത്തിന്റേയുമൊക്കെ ആരോഗ്യകാര്യത്തില്‍.
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം ഉല്പാദിപ്പിക്കുന്നതും കരളാണ്. മാലിന്യങ്ങളേയും ശരീരത്തിലെ അനാവശ്യമായ മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിലും കരള്‍ നിസ്തുലമായ പങ്കുവഹിക്കുന്നു.
എന്നാല്‍ പലതരത്തിലുള്ള രോഗങ്ങള്‍ കരളിനെ ബാധിക്കാറുണ്ട്. മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ വരെ ഇത്തരം രോഗാവസ്ഥകളുടെ ഉദാഹരണങ്ങളാണ്. കരളിന്റെ ആരോഗ്യത്തിന് കോട്ടംതട്ടിയാല്‍ അത് ശരീരത്തെ കാര്യമായിത്തന്നെ ബാധിക്കും.
കരളിന്റെ ആരോഗ്യത്തിന് ഭക്ഷണകാര്യത്തില്‍ കരുതല്‍ നല്‍കണം ആദ്യം. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഓട്സ്, ബ്രോക്കോളി, ബദാം, ബ്ലൂബെറി എന്നിവയും ഡയറ്റിന്റെ ഭാഗമാക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെതന്നെ ജങ്ക് ഫുഡും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇവ അമിതമായി കഴിയ്ക്കുന്നത് ഫാറ്റി ലിവര്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. പച്ചനിറത്തിലുള്ള ഇലക്കറികളും ഡയറ്റിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. ഇവ ഫാറ്റി ലിവര്‍ സാധ്യത കുറയ്ക്കുന്നു.
ദിവസേനയുള്ള വ്യായമവും കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. യോഗ ചെയ്യുന്നതും നല്ലതാണ്. പ്രതിദിനം ഏകദേശം 30 മുതല്‍ 40 മിനിറ്റ് വരെ വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക. ഇതിനു പുറമെ മദ്യപാനവും പുകവലിയും കരളിനെ ദോഷകരമായി ബാധിക്കുന്ന ശീലങ്ങളാണ്. ഇവ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
Story highlights: Liver health protection tips