മഞ്ജു വാര്യര്‍ക്കൊപ്പം ആദ്യമായി ഒരുമിച്ചെത്തുന്നു പക്ഷേ… ; പ്രീസ്റ്റിലെ രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി

March 9, 2021
Mammootty reveals the suspense element from The Priest

പ്രഖ്യാപനം മുതല്‍ക്കേ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് ദ് പ്രീസ്റ്റ്. മമ്മൂട്ടിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. മഞ്ജു വാര്യരും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്രതാരങ്ങളാണ് മമ്മൂട്ടിയും മഞ്ജു വാര്യരും. ഇരുവരും അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഏറെയാണെങ്കിലും മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന ഒരു ചിത്രം എന്നത് മലയാള ചലച്ചിത്ര ആസ്വാദകര്‍ക്കും എക്കാലത്തും പ്രിയപ്പെട്ട സ്വപ്നമായിരുന്നു. ദ് പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ഈ സ്വപ്നം സഫലമാവുകയാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും.

എന്നാല്‍ ദ് പ്രീസ്റ്റ് എന്ന ചിത്രത്തിലെ ഒരു രഹസ്യം വെളിപ്പെടുത്തിയിരിയ്ക്കുകയാണ് മമ്മൂട്ടി. മഞ്ജു വാര്യരും താനും സിനിമയിലെ ഒരു സീനില്‍ മാത്രമേ ഒരുമിച്ചെത്തുന്നുള്ളൂ എന്ന് മമ്മൂട്ടി പറയുന്നു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ഇരു താരങ്ങളും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മമ്മൂട്ടിയുടെ നിഷ്‌കളങ്കമായ മറുപടി. ‘ഞങ്ങള്‍ ഒരു സീനിലേ ഒരുമിച്ചുള്ളൂ. പക്ഷേ അതൊരു വലിയ സീനാണ്’ മമ്മൂട്ടി പറഞ്ഞു. ഇത് പറഞ്ഞയുടനേ ‘അത് പറയേണ്ട അല്ലേ കൈയീന്നു പോയല്ലോ ആന്റോ’ എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Read more: പശുത്തൊഴുത്തിലിരുന്ന് പഠിച്ച് ജഡ്ജിക്കസേരയിലെത്തിയ മിടുക്കി

അതേസമയം നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് ജോഫിന്‍. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും ടീസറിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

Story highlights: Mammootty reveals the suspense element from The Priest