”വര്‍ത്തമാനം പോരാട്ടത്തിന്റെ കഥയാണ്”: പാര്‍വതി തിരുവോത്ത്‌

March 9, 2021
Parvathy Thiruvothu about Varthamanam movie

പാര്‍വതി തിരുവോത്ത് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് വര്‍ത്തമാനം. ചിത്രം ഈ മാസം 12 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സിദ്ദാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. അതേസമയം വര്‍ത്തമാനം ഒരു പോരാട്ടത്തിന്റെ കഥയാണെന്ന് പാര്‍വതി പറഞ്ഞു. ‘ഒരുപാട് തരത്തിലുള്ള പോരാട്ടങ്ങള്‍ക്കിടയിലാണ് നാം എല്ലാവരും ജീവിച്ചുകൊണ്ടിരിയ്ക്കുന്നത്. അതുപോലെ ഒരു പോരാട്ടത്തിന്റെ കഥയാണ് വര്‍ത്തമാനം.’ ഫേസ്ബുക്കില്‍ പങ്കുവെച്ച വിഡിയോയില്‍ പാര്‍വതി പറയുന്നു.

പാര്‍വതിയ്ക്ക് ഒപ്പം റോഷന്‍ മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ആര്യാടന്‍ ഷൗക്കത്താണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രത്തിന്റെ നിര്‍മാണം.

സ്വാതന്ത്ര്യസമര സേനാനിയായ മുഹമ്മദ് അബ്ദുള്‍ റഹ്‌മാനെക്കുറിച്ച് ഗവേഷണം നടത്താനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സ്റ്റിയിലേയ്ക്ക് യാത്ര തിരിച്ച മലയാളി പെണ്‍കുട്ടി നേരിടേണ്ടി വരുന്ന ചില വെല്ലുവിളികളും പ്രതിസന്ധികളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.

അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഒരു ഗാനവും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഹിമാചല്‍ കാഴ്ചകളുടെ അകമ്പടിയില്‍ ഒരുക്കിയിരിയ്ക്കുന്ന ഗാനത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിയ്ക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്. മലയാളവും ഹിന്ദിയും ചേര്‍ന്നുള്ളതാണ് ഈ ഗാനം. വിശാല്‍ ജോണ്‍സണ്‍, ഫേയ്‌സ് ചൗധരിയും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിയ്ക്കുന്നത്. ഹിഷാമിനൊപ്പം മെറിന്‍ ഗ്രിഗറിയും ഫേയ്‌സ് ചൗധരിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്. ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്നുണ്ട് ഈ ഗാനം. ഹിമാചലിന്റെ ഭംഗിയാണ് ഗാനരംഗത്ത് ദൃശ്യവല്‍ക്കരിച്ചിരിയ്ക്കുന്നത്.

Story highlights: Parvathy Thiruvothu about Varthamanam movie