‘ദൃശ്യം മാസ്റ്റർപീസെങ്കിൽ, രണ്ടാം ഭാഗം ലോകനിലവാരമുള്ളത്’- ജീത്തു ജോസഫിന് അഭിനന്ദനവുമായി രാജമൗലി

March 14, 2021

തിയേറ്റർ റിലീസിനേക്കാൾ മികച്ച സ്വീകാര്യതയാണ് ഒടിടി റീലീസിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ദൃശ്യം 2ന് ലഭിച്ചത്. ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് മികച്ച അഭിപ്രായം നേടാൻ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2ന് സാധിച്ചു. ഇപ്പോഴിതാ, പ്രസിദ്ധ സംവിധായകൻ രാജമൗലിയും ചിത്രത്തിന് അഭിനന്ദനം അറിയിച്ചിരിക്കുകയാണ്. സിനിമ കണ്ടശേഷം രാജമൗലി അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ജീത്തു ജോസഫ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

‘ഹായ് ജീത്തു, ഇത് രാജമൗലി സിനിമാ സംവിധായകൻ. കുറച്ച് ദിവസം മുമ്പ് ദൃശ്യം 2 കണ്ടു. അതെന്റെ ചിന്തകളിൽ ഏറെ നേരം നിന്നു. തിരിച്ചുപോയി ദൃശ്യത്തിന്റെ ആദ്യ ഭാ​ഗം കണ്ടു (തെലുങ്കിലെ ദൃശ്യം മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ). എനിക്കിത് പറഞ്ഞേ മതിയാകൂ..സംവിധാനം, തിരക്കഥ, എഡിറ്റിങ്ങ്, അഭിനയം എല്ലാം ​ഗംഭീരം..പക്ഷേ എഴുത്ത് അത് മറ്റൊന്നാണ്…ലോകനിലവാരമുള്ളത്. ആദ്യ ഭാ​ഗം തന്നെ ഒരു മാസ്റ്റർപീസ് ആണ്. അതുമായി പരിധികളില്ലാതെ ലയിപ്പിക്കുന്ന,പിടിച്ചിരുത്തുന്ന വിവരണത്തോടെ രണ്ടാം ഭാ​ഗത്തിനൊരുക്കിയ സ്റ്റോറിലൈനിന് മികവൊട്ടും കുറവല്ല..നിങ്ങളിൽ നിന്ന് ഇനിയുമേറെ മാസ്റ്റ‍ർപീസുകൾ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു.’- രാജമൗലിയുടെ വാക്കുകൾ.

Read More: ഭയവും ഭക്തിയും നിറച്ച് ‘ദി പ്രീസ്റ്റി’ലെ ആദ്യ ഗാനം-‘നസറേത്തിൻ നാട്ടിലെ..’ വീഡിയോ ഗാനമെത്തി

ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് ദൃശ്യം 2 ഫെബ്രുവരി 19 മുതൽ പ്രേക്ഷകരിലേക്ക് എത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. അതേസമയം, കൊവിഡ് പ്രതിസന്ധിയിൽ നിയന്ത്രണങ്ങൾ പാലിച്ച് ദൃശ്യം 2 അടുത്തിടെയാണ് പൂർത്തിയാക്കിയത്. ആദ്യഭാഗത്തിലെ താരങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും വേഷമിടുന്നത്. 

Story highlights- Rajamauli about drishyam movie