ഫാദർ എബി കപ്പൂച്ചിനായി സിജു വിത്സൺ; വരയൻ പ്രേക്ഷകരിലേക്ക് എത്തുന്നു

March 15, 2021
varayan

മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് സിജു വിൽസൺ. ഏത് കഥാപാത്രവും തന്റെ കൈകളിൽ ഭദ്രമാണെന്ന് ഇതിനോടകം സിജു തെളിയിച്ചുകഴിഞ്ഞു. നിരവധി ചിത്രങ്ങളാണ് സിജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നതും. ഇപ്പോഴിതാ സിജു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വരയന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. മെയ് 28 ന് ചിത്രം തിയേറ്ററിലെത്തും. പോസ്റ്റർ പങ്കുവെച്ചതുമുതൽ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വരയൻ. നിഗൂഡതകള്‍ നിറച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. വൈദികനും, കൊന്തയും, കത്തിയും ചേരയുമെല്ലാം ഉണ്ട് പോസ്റ്ററില്‍.

‘വരയന്‍’ എന്ന ചിത്രത്തില്‍ ഒരു വൈദികനായാണ് സിജു വില്‍സണ്‍ എത്തുന്നത്. നവാഗതനായ ജിജോ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. ‘മാര്‍ക്കോണി മത്തായി’ എന്ന സിനിമയ്ക്ക് ശേഷം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘വരയന്‍’.

Read also:സകുടുംബം പാട്ട് പാടി മോഹൻലാൽ; ശ്രദ്ധനേടി ഒരു അപൂർവ വിഡിയോ

ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് ഡാനി കപ്പൂച്ചിന്‍ ആണ്. ‘വരയന്‍’ എന്ന പേരില്‍ തന്നെ പുതുമ തീര്‍ക്കുന്നുണ്ട് ചിത്രം. അതേസമയം ‘വരയന്‍’ ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആണെന്നും സ്ഥീരികരിക്കാത്ത ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ചിത്രത്തില്‍ സിജു വില്‍സണ്‍, ലിയോണ ലിഷോയ് എന്നിവര്‍ക്കൊപ്പം മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി തുടങ്ങി തിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

മാരീചൻ,  പത്തൊമ്പതാം നൂറ്റാണ്ട്, ഇന്ന് മുതൽ, എകാ തുടങ്ങി നിരവധി ചിത്രങ്ങളാണ് സിജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Story Highlights:siju wilson starring varayan relese date declared