വാത്തി കമിംഗ് ഗാനത്തിന് ഗംഭീരമായി ചുവടുവെച്ച് വൈദികന്‍: സമൂഹമാധ്യമങ്ങളില്‍ സ്റ്റാറായ ‘ചാവറയച്ചന്‍’

April 17, 2021
Fr. John Chavara dancing video

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലാകെ നിറയുന്നത് ഒരു വൈദികന്റെ നൃത്ത വിഡിയോയാണ്. വിജയ് നായകനായെത്തിയ മാസ്റ്റര്‍ എന്ന ചിത്രത്തിലെ ഹിറ്റായ വാത്തി കമിംഗ് എന്ന ഗാനത്തിനാണ് വൈദികന്റെ തകര്‍പ്പന്‍ ഡാന്‍സ്. അതും ഒരു വിവാഹ സത്കാരത്തിനിടെ വധുവിനും വരനും ആശംസകള്‍ അറിയിച്ചുകൊണ്ട്.

ഫാദര്‍ ജോണ്‍ ചാവറയാണ് ഡാന്‍സിലൂടെ കൈയടി നേടുന്ന വൈദികന്‍. പ്രിയപ്പെട്ടവര്‍ക്ക് ‘ചാവറയച്ചനാണ്’ അദ്ദേഹം. സമൂഹമാധ്യമങ്ങളില്‍ നേരത്തെ മുതല്‍ക്കെ സജീവമാണ് ഫാദര്‍ ജോണ്‍ ചാവറ. ബാസ്‌കറ്റ്‌ബോള്‍ ഡ്രിബിള്‍ ചെയ്തും കുസൃതിച്ചിരിയോടെ വാനംമുട്ടിയൂഞ്ഞാലാടിയുമെല്ലാം സമൂഹമാധ്യങ്ങളിലെ സ്റ്റാറാണ് ചാവറയച്ചന്‍. ഈ പ്രകടനങ്ങളുടെയൊക്കെ വിഡിയോകളും സൈബര്‍ ഇടങ്ങളില്‍ ഹിറ്റാണ്.

Read more: തെരുവിൽ കൃഷ്ണവിഗ്രഹങ്ങൾ വിൽക്കുന്ന ഇന്ദിരയ്ക്ക് കൈനീട്ടമായി ടി വി- ഹൃദ്യമായ വിഡിയോ

ചങ്ങനാശ്ശേരി എസ് ബി കോളജില്‍ ഗണിത ശാസ്ത്ര വിഭാഗത്തിലെ അധ്യാപകനാണ് ഫാദര്‍ ജോണ്‍ ചാവറ. അടുത്ത ബന്ധുവിന്റെ വിവാഹനിശ്ചയത്തോട് അനുബന്ധിച്ച് പ്രയപ്പെട്ടവര്‍ ആവശ്യപ്പെട്ടപ്പോള്‍ നൃത്തം ചെയ്യുകയായിരുന്നു വൈദികന്‍. എന്തായാലും ചാവറയച്ചന്റെ കിടിലന്‍ നൃത്തവും സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്.

Story highlights: Fr. John Chavara dancing video