പൃഥ്വിരാജിന്റെ കടുവയില്‍ വിവേക് ഒബ്‌റോയ് വില്ലനായി എത്തുന്നു

Vivek Oberoi in Prithviraj's Kaduva

പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘കടുവ’. ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലന്‍ കഥാപാത്രമായെത്തുന്നു എന്ന് സൂചന. ഷാജി കൈലാസ് ആണ് ചിത്രത്തിന്റെ സംവിധാനം. ലൂസിഫര്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും വിവേക് ഒബ്‌റോയ്-യും ഒരുമിച്ചെത്തുകയാണ് കടുവ എന്ന ചിത്രത്തില്‍.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം നിര്‍വഹിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. ചിത്രത്തിനുവേണ്ടിയുള്ള പൃഥ്വിരാജിന്റെ ഗെറ്റപ്പും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. തെന്നിന്ത്യന്‍ സംഗീതഞ്ജന്‍ എസ് തമന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

Read more: വേറിട്ട താളത്തില്‍ നായാട്ടിലെ നരബലി ഗാനം

2013-ല്‍ തിയേറ്ററുകളിലെത്തിയ ജിഞ്ചര്‍ ആണ് ഷാജി കൈലാസ് അവസാനമായി മലയാളത്തില്‍ സംവിധാനം നിര്‍വഹിച്ച ചിത്രം. പിന്നീട് തമിഴില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2017-ല്‍ തിയേറ്ററുകളിലെത്തിയ വാഗൈ എക്‌സ്പ്രസ് ആണ് ഷാജി കൈലാസ് അവസാനമായി സംവിധാനം നിര്‍വഹിച്ച ചിത്രം.

Story highlights: Vivek Oberoi in Prithviraj’s Kaduva