ആമസോണ്‍ പ്രൈം ഉള്‍പ്പെടെ ഒന്നിലധികം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്ത് ‘ആര്‍ക്കറിയാം’

May 19, 2021
Aarkkariyam movie OTT release

പാര്‍വതി തിരുവോത്തും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ആര്‍ക്കറിയാം. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തു. ആമസോണ്‍ പ്രൈം, നീസ്ട്രീം, റൂട്ട്‌സ് തുടങ്ങിയ ആറോളം ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് ഒരേദിവസം ചിത്രം റിലീസ് ചെയ്തത്. ഇത് ആദ്യമായാണ് ഒരു മലയാള സിനിമ ഇത്രയധികം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഒരേദിവസംതന്നെ റിലീസ് ചെയ്യപ്പെടുന്നതും.

ബിജു മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തില്‍ 72 വയസ്സുകാരനായാണ് ബിജു മേനോന്‍ എത്തുന്നത് എന്നതാണ് പ്രധാന ആകര്‍ഷണം. പാര്‍വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനാണ് ചിത്രത്തിലെ ബിജു മേനോന്‍ കഥാപാത്രം. പ്രശസ്ത ഛായാഗ്രാഹകരില്‍ ഒരാളായ സനു ജോണ്‍ വര്‍ഗ്ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read more: 22 കോടി രൂപ സമാഹരിച്ച് അഞ്ഞൂറോളം സിലിണ്ടറുകളും, ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഒരുക്കി പ്രിയങ്ക ചോപ്ര; നന്ദിയറിയിച്ച് താരം

ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകള്‍ക്കു വേണ്ടിയും ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള സനു ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ആര്‍ക്കറിയാം എന്ന സിനിമയ്ക്കുണ്ട്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും ഒപിഎം ഡ്രീം മില്‍ സിനിമാസിന്റേയും ബാനറില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

സംവിധായകന്‍ സനു ജോണ്‍ വര്‍ഗ്ഗീസും രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ജി ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.

Story highlights: Aarkkariyam movie OTT release