രണ്ടു കോടി രൂപയ്ക്ക് പുറമെ എണ്ണിയാൽ തീരാത്ത സഹായങ്ങൾ- അമിതാഭ് ബച്ചന്റെ കൊവിഡ് പ്രവർത്തനങ്ങൾക്ക് കൈയടി

May 10, 2021

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തിന് സാമ്പത്തികമായും അല്ലാതെയും സഹായങ്ങൾ വളരെയേറെ ആവശ്യമുള്ള സമയമാണിത്. സിനിമ, വ്യാവസായിക, സാംസ്‌കാരിക രംഗത്തുള്ളവർ രാജ്യത്തെ സഹായിക്കാൻ മുന്നിട്ടിറങ്ങി. ഒട്ടേറെ സിനിമാതാരങ്ങൾ വിവിധ സഹായങ്ങൾ എത്തിച്ചു. ഏറ്റവുമധികം ക്ഷാമം അനുഭവിക്കുന്ന ഓക്സിജൻ എത്തിക്കാനാണ് താരങ്ങൾ അധികവും മുന്നിട്ടിറങ്ങിയത്. എന്നാൽ ഈ സാഹചര്യത്തിൽ സംഭാവന നൽകാത്ത താരങ്ങളെ ഒട്ടേറെപ്പേർ വിമർശിച്ചിരുന്നു. ഇങ്ങനെയുള്ള പ്രവണത മോശമാണെന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ അമിതാഭ് ബച്ചൻ.

പലരും എത്തിക്കുന്ന സഹായങ്ങൾ പുറത്തുപറയുന്നില്ല എന്നതാണ് സത്യം എന്നും അദ്ദേഹം ഓർമപ്പെടുത്തി. മാത്രമല്ല, ഇതുവരെ വെളിപ്പെടുത്താതിരുന്ന സഹായങ്ങൾ കുറിച്ചും അദ്ദേഹം ബ്ലോഗിലൂടെ പങ്കുവെച്ചു. ഇപ്പോൾ അമിതാഭ് ബച്ചന്റെ പ്രവർത്തനങ്ങൾ അറിഞ്ഞതോടെ ലോകം അദ്ദേഹത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ്.

വ്യക്തിഗത ഫണ്ടിൽ നിന്നും 1500 ഓളം കർഷകരുടെ ബാങ്ക് വായ്പകൾ അടച്ച് അവരെ ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ സാധിച്ചു. രക്തസാക്ഷിത്വം വരിച്ച രാജ്യത്തിന്റെ അതിർത്തിയിലെ ധീരരായ സൈനികരുടെ കുടുംബങ്ങൾ കണ്ടെത്തി അവർക്കും സഹായം എത്തിച്ചു. പുൽവാമയിലെ ഭീകരാക്രമണത്തിനുശേഷം രക്തസാക്ഷികളെയും തേടി സഹായമെത്തിച്ചു. കഴിഞ്ഞ വർഷം കൊവിഡിയിൽ ദുരിതമനുഭവിച്ച 400,000 ദിവസവേതനക്കാർക്ക് ഒരു മാസത്തേക്ക് ഭക്ഷണം നൽകി. നഗരത്തിൽ ഓരോ ദിവസവും 5000 ത്തോളം പേർക്ക് ഉച്ചഭക്ഷണവും അത്താഴവും നൽകുന്നുണ്ട്. അതുപോലെ മുൻ‌നിര പോരാളികൾക്ക് മാസ്‌ക്കുകൾ, പിപിഇ യൂണിറ്റുകൾ നൽകി. പലരെയും നാട്ടിലേക്ക് മടങ്ങാൻ സഹായിച്ചു.

കുടിയേറ്റക്കാർ നാട്ടിലേക്ക് തിരിച്ചു പോകാൻ യാത്രാ സൗകര്യമില്ലാത്തതിനാൽ യുപിയിലെയും ബീഹാറിലെയും സ്ഥലങ്ങളിലേക്ക് 30 ബസുകൾ ബുക്ക് ചെയ്ത് അവർക്ക് ഭക്ഷണവും വെള്ളവും നൽകി ഒറ്റരാത്രികൊണ്ട് യാത്രയാക്കി.

Read More: ‘കൊറോണ ഉള്ളോണ്ട് കുഞ്ഞി കുഞ്ഞി എക്സർസൈസ് ചെയ്യണം’; മുക്തയുടെ കണ്മണി തിരക്കിലാണ്- വിഡിയോ

സ്വന്തം ചെലവിൽ 2800 കുടിയേറ്റ യാത്രക്കാരെ സൗജന്യമായി അയക്കാൻ മുംബൈയിൽ നിന്ന് യുപിയിലേക്ക് ഒരു ട്രെയിൻ പൂർണമായും ബുക്ക് ചെയ്തു, കൂടാതെ അവരുടെ സംസ്ഥാനത്തേക്ക് ചെല്ലുന്ന ട്രെയിനുകൾ റദ്ദാക്കിയപ്പോൾ ഉടൻ തന്നെ 3 ഇൻഡിഗോ എയർലൈൻ വിമാനങ്ങൾ ചാർട്ടുചെയ്ത് 180 ഓളം ആളുകളെ യുപിയിലേക്കും ബീഹാറിലേക്കും രാജസ്ഥാനിലേക്കും ജമ്മു കശ്മീരിലേക്കും അയച്ചു. രണ്ടു കോടി രൂപ ഡൽഹി കൊവിഡ് ഫെസിലിറ്റിയിലേക്കും അദ്ദേഹം നൽകി.

Story highlights- Amitabh Bachchan contributes Rs 2 cr to Delhi Covid-19 facility