‘ഇന്ന് തൊഴിലാളി ദിനമാണ്, വേണമെങ്കിൽ എന്റെ ഫോട്ടോ ഇട്ടോ കേട്ടോ..’- അച്ഛന്റെ ആഗ്രഹത്തിന് രസകരമായ കുറിപ്പുമായി ആന്റണി വർഗീസ്

May 1, 2021

ലോക തൊഴിലാളി ദിനത്തിൽ ആശംസാ സന്ദേശങ്ങൾകൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങൾ. എന്നാൽ, നടൻ ആന്റണി വർഗീസിന്റെ മേയ് ദിന ആശംസ അല്പം വ്യത്യസ്തമാണ്. അച്ഛൻ വർഗീസിന്റെ ചിത്രത്തിനൊപ്പം ഹൃദ്യവും രസകരവുമായ ഒരു കുറിപ്പും പങ്കുവെച്ചുകൊണ്ടാണ് ആന്റണി തൊഴിലാളി ദിനം ആശംസിക്കുന്നത്. ഓട്ടോ തൊഴിലാളിയായ അച്ഛനെ കുറിച്ച് ആന്റണി പങ്കുവെച്ചതിങ്ങനെ;

‘അപ്പൻ കുറെ നേരമായിട്ടു റൂമിൽ ചുറ്റിത്തിരിയുന്ന കണ്ടിട്ട് ഞാൻ ചോദിച്ചു എന്ത് പറ്റി എന്ന്… ഉടനെ പറയുവാ 2 വർഷം മുൻപ് എന്നെ വെച്ചു തൊഴിലാളി ദിനത്തിന്റെ അന്ന് നീ ഫോട്ടോ ഇട്ടില്ലേ, ഇന്ന് തൊഴിലാളി ദിനമാണ് വേണമെങ്കിൽ എന്റെ ഫോട്ടോ ഇട്ടോട്ടോ.. എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലായെന്ന്… സംഭവം വേറൊന്നും അല്ല, ഓട്ടോ സ്റ്റാൻഡിൽ ചെല്ലുമ്പോൾ അവിടത്തെ ചേട്ടന്മാരുടെ മുന്നിലും ഓട്ടോയിൽ കയറുന്നവരുടെ മുന്നിലും അപ്പനൊന്ന് ആളാകണം … അപ്പന്റെ ആഗ്രഹം അല്ലെ സാധിച്ചു കൊടുക്കാം എന്നുകരുതി… കണ്ടാൽ അപ്പൻ അറിയാതെ ഞാൻ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുൾ അഭിനയം ആണ്.

രസകരമായ കുറിപ്പിനും ചിത്രത്തിനും അതിലും രസകരമായ കമന്റുകളാണ് ലഭിച്ചത്. ഇത് അപ്പന്റെ അഭിനയമാണെങ്കിൽ അപ്പന് ഒരു അവാർഡ് കൊടുക്കണം എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. രണ്ടു വർഷം മുൻപ് തൊഴിലാളി ദിനത്തിൽ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയ അച്ഛൻ ഓട്ടോയുമായി നിൽക്കുന്ന ചിത്രം പകർത്തി പോസ്റ്റ് ചെയ്താണ് ആന്റണി അന്ന് എല്ലാവർക്കും തൊഴിലാളി ദിനം ആശംസിച്ചത്.

Read More: ‘അത്രയേറെ കൊവിഡ് രോഗികളാൽ ഹോസ്പിറ്റലുകൾ നിറഞ്ഞിരുന്നു, സത്യത്തിൽ ഭയം തോന്നി’- അനുഭവം പങ്കുവെച്ച് അരുൺ ഗോപി

ആദ്യ ചിത്രമായ ‘അങ്കമാലി ഡയറീസി’ലൂടെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ യുവ നടനാണ് ‘പെപ്പെ’ എന്ന കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെട്ട ആന്റണി വർഗീസ്. ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമേ ഇതുവരെയായും ആന്റണി പ്രത്യക്ഷപ്പെട്ടുള്ളൂവെങ്കിലും മുൻനിര യുവ നടന്മാർക്കൊപ്പമാണ് ചുരുങ്ങിയ കാലം കൊണ്ട് ആന്റണിയെയും പ്രേക്ഷകർ സ്വീകരിച്ചത്.

Story highlights- antony varghese about father