കമല്‍ഹാസന്‍ നായകനായെത്തുന്ന വിക്രത്തിന്റെ ക്യാമറ ചലിപ്പിക്കാന്‍ ഗിരീഷ് ഗംഗാധരന്‍

May 23, 2021
Girish Gangadharan on board Kamal Haasan's Vikram

കമല്‍ഹാസന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന വിക്രം എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഗിരീഷ് ഗംഗാധരന്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കൈതി, മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും വിക്രത്തിനുണ്ട്.

ദേശീയ പുരസ്‌കാര ജേതാവായ ഗിരീഷ് ഗംഗാധരന്‍ ചിത്രത്തില്‍ ക്യാമറ ചലിപ്പിയ്ക്കുമ്പോള്‍ ഏറെയാണ് പ്രേക്ഷക പ്രതീക്ഷകളും. സമീര്‍ താഹിര്‍ സംവിധാനം നിര്‍വഹിച്ച നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായഗ്രാഹകനായെത്തിയ ഗിരീഷ് ഗംഗാധരന്‍ ഇന്ന് തെന്നിന്ത്യയിലെ തന്നെ ഏറെ അറിയപ്പെടുന്ന ഛായാഗ്രാഹകനാണ്. അങ്കമാലി ഡയറീസ്, ജല്ലിക്കട്ട്, ഗപ്പി, ഹേയ് ജൂഡ് എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍. വിജയ് നായകനായെത്തിയ ഏ ആര്‍ മുരുഗദോസ് സംവിധാനം നിര്‍വഹിച്ച സര്‍ക്കാര്‍ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ മേഖലയിലേക്ക് അദ്ദേഹം അരങ്ങേറ്റം കുറിച്ചിരുന്നു.

Read more: സ്റ്റാര്‍ മാജിക് വേദിയില്‍ വിരഞ്ഞ നവരസങ്ങള്‍ക്കും മേലെയുള്ള ചില രസികന്‍ രസഭാവങ്ങള്‍

അതേസമയം കമല്‍ഹാസന്റെ കരിയറിലെ 232-ാമത്തെ ചിത്രംകൂടിയാണ് വിക്രം. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നതും. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഫഹദ് ഫാസില്‍ ചിത്രത്തില്‍ ഒരു കഥാപാത്രമായെത്തുന്നുണ്ട് എന്നും ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

Story highlights: Girish Gangadharan on board Kamal Haasan’s Vikram