69-ാം പിറന്നാൾ നിറവിൽ ഉലകനായകൻ!

November 7, 2023

ലോകം മുഴുവൻ ആരാധകരുള്ള ഇന്ത്യൻ സിനിമാ ഇതിഹാസം കമൽഹാസൻ ഇന്ന് തന്റെ 69-ാം ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരുടെയും സുഹൃത്തുക്കളുടെയും ആശംസാപ്രവാഹം തന്നെ ഈ മഹാ പ്രതിഭയോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ പ്രതിഫലനമാണ്. (Kamal Haasan celebrates his 69th birthday)

1960-ൽ പുറത്തിറങ്ങിയ ‘കളത്തൂർ കണ്ണമ്മ’ എന്ന തമിഴ് സിനിമയിൽ ബാലതാരമായാണ് കമൽഹാസൻ തന്റെ ആറാം വയസ്സിൽ സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ സവിശേഷമായ ഒരു സമീപനം തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. സിനിമയോടുള്ള അചഞ്ചലമായ അഭിനിവേശം എന്നും അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നു. തന്റെ കരിയറിൽ ഉടനീളം പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കാൻ യാതൊരു മടിയും കമൽ ഹാസ്സന് ഉണ്ടായിരുന്നില്ല.

Read also: ഷുകൂബോ; ജപ്പാനിലെ ബുദ്ധ സന്യാസിമാരോടൊത്ത് ഒരു ദിവസം ചിലവഴിക്കാം!

സ്ഥിരം കണ്ടുവരുന്ന കൊമേർഷ്യൽ വേഷങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ, തന്റേതായ വേറിട്ട ശൈലിയിൽ കമൽ ഹാസൻ സിനിമ എന്ന വിസ്മയത്തെ അടുത്തറിഞ്ഞു. തിരശ്ശീലയിൽ മിന്നി മറഞ്ഞ കഥാപാത്രങ്ങൾ അതിഥി വേഷത്തിലായാലും, വില്ലനായാലും, സപ്പോർട്ടിംഗ് റോളായാലും പ്രേക്ഷകരുടെ ഓർമ്മയിൽ മായാതെ എന്നും നിൽക്കുന്നു. അദ്ദേഹത്തിന്റെ പല സിനിമകളും ദീർഘവീക്ഷണമുള്ളവ കൂടിയാണ്. പ്രേക്ഷകർക്ക് ഭാവിയിലേക്കുള്ള ഒരു കാഴ്ച്ചപ്പാട് പ്രദാനം ചെയ്യുന്നതോടൊപ്പം വിലപ്പെട്ട പാഠങ്ങൾ പകർന്നുനൽകാനും അദ്ദേഹം സ്ഥിരമായി മുൻപന്തിയിൽ തന്നെ നിലയുറപ്പിച്ചു.

തന്റെ അഭിനയ മികവിനപ്പുറം, സംവിധായകൻ, നിർമ്മാതാവ്, ഗായകൻ, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ നിലകളിലും കമൽഹാസൻ ഒരു ബഹുമുഖ പ്രതിഭയാണ്. പതിറ്റാണ്ടുകളായി ഒരു മുൻനിര നടനാണെങ്കിലും, പ്രായഭേദമന്യേ സൗഹൃദങ്ങൾ വളർത്താൻ അദ്ദേഹം ശ്രദ്ധാലുവാണ്. കഴിവുള്ള താരങ്ങളുമായി അദ്ദേഹം സജീവമായി ഇടപഴകുകയും പ്രോത്സാഹനം നൽകുകയും അവരിൽ നിന്ന് പഠിക്കുകയും ചെയ്യുന്നു.

തലമുറകൾ എത്ര കഴിഞ്ഞാലും സാങ്കേതിക വിദ്യകൾ എത്രയേറെ വളർന്നാലും ലോകമുള്ള കാലത്തോളം ഈ മഹാപ്രതിഭയ്ക്കു മറ്റൊരു പകരക്കാരനുണ്ടാകില്ല. ഉലകനായകന് പിറന്നാളാശംസകൾ…

Story highlights: Kamal Haasan celebrates his 69th birthday