കൊവിഡിനെതിരെ മാത്രമല്ല മഴക്കാലത്ത് മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരേയും ജാഗ്രത വേണം; ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

May 26, 2021
Health awareness in rainy season

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടം നാം തുടങ്ങിയിട്ട്. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം അടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങളാണ് ഈ വൈറസിനെ ചെറുക്കാന്‍ നമ്മെ സഹായിക്കുക. കൊവിഡിനെതിരെയുള്ള ജാഗ്രത തുടരേണ്ടുന്ന സാഹചര്യമാണ് ഇപ്പോഴും നിലവിലുള്ളത്. എന്നാല്‍ കൊവിഡ് മാത്രമല്ല മഴക്കാലം ആരംഭിച്ചതോടെ മറ്റ് പലതരത്തിലുള്ള രോഗങ്ങളും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ മഴക്കാലത്ത് ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

ഡെങ്കിപ്പനി, എലിപ്പനി, മറ്റ് വൈറല്‍ പനികള്‍, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ക്കെതിരേയും മഴക്കാലത്ത് നാം ശ്രദ്ധിക്കണം. വീട്ടിലും വീടിനോട് ചേര്‍ന്നുമുള്ള ഇടങ്ങളിലും വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നും കൊതുക് പെരുകാന്‍ സാധ്യത കൂടുതലായതിനാല്‍ അത് പലവിധത്തിലുള്ള രോഗങ്ങള്‍ക്കും കാരണമാകും. മഴക്കാലത്ത് വീടും പരിസരവും കൂടുതല്‍ ശുചിയാക്കിയിടുന്നത് രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു. പരിസര ശുചിത്വം പോലെ തന്നെ പ്രധാനമാണ് വ്യക്തിശുചിത്വവും.

Read more: കണ്ണിനെ ബാധിക്കുന്ന വിവിധതരം വേദനകളും കാരണങ്ങളും

മഴക്കാലത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും കരുതല്‍ നല്‍കേണ്ടതുണ്ട്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് ആരോഗ്യകരം. അതുപോലെതന്നെ പഴകിയ ഭക്ഷണസാധനങ്ങള്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക. ചെറുചൂടോടു കൂടി ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. മാത്രമല്ല എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണസാധനങ്ങള്‍ വേണം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍.

എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ മഴക്കാലത്ത് സ്വയംചികിത്സ ഒഴിവാക്കുന്നതാണ് നല്ലത്. കൃത്യമായ സമയത്ത് വൈദ്യസഹായം നേടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ആശുപത്രികളില്‍ നേരിട്ട് പോകാന്‍ സാധിച്ചില്ലെങ്കില്‍ ടെലികമ്മ്യൂണിക്കേഷന്‍വഴിയും ആരോഗ്യപ്രവര്‍ത്തകരെ വിവരങ്ങള്‍ കൃത്യമായി അറിയിക്കാന്‍ ശ്രദ്ധിക്കുക.

Story highlights: Health awareness in rainy season