ഈ അമ്മ ഡോക്ടറാണ് ഒപ്പം ബോഡി ബില്‍ഡറും; പെണ്മനസ്സുകള്ക്ക് കരുത്ത് പകരുന്ന വേറിട്ട മാതൃക
ചിലരുണ്ട്, സ്വന്തം ജീവിതംകൊണ്ട് സമൂഹത്തില്‍ വേറിട്ട മാതൃകയാകുന്നവര്‍. വെല്ലുവിളികളേയും പ്രതിസന്ധികളേയും തരണം ചെയ്ത് പലര്‍ക്കും പ്രചോദനമേകുന്ന രത്നങ്ങള്‍. അങ്ങനെയൊരു വനിതാ രത്നമാണ് മായാ റാത്തോഡ്. പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് ബോഡി ബില്‍ഡിങ് എന്ന സ്വപ്നം സാക്ഷാത്കരിച്ച മിടുക്കിയാണ് മായാ.
രണ്ട് കുട്ടികളുടെ അമ്മയാണ് മായാ എന്ന മുപ്പതു വയസ്സുകാരി. മാത്രമല്ല തിരക്കുള്ള ഗൈനക്കോളജിസ്റ്റും. എന്നാല്‍ ഈ തിരക്കുകളെല്ലാം മറികടന്നാണ് മായാ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൊയ്തത്. ചെറുപ്പം മുതല്‍ക്കെ സ്പോര്‍ട്സിനോട് ഒരു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു മായക്ക്. സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് മികച്ചൊരു കായികതാരമായാണ് മായാ അറിയപ്പെട്ടതും. എന്നാല്‍ മാതാപിതാക്കളടക്കം പലരും മായയെ സ്പോര്‍ട്സില്‍ നിന്നും പിന്തിരിപ്പിച്ചു. കായികമേഖലയില്‍ ഏര്‍പ്പെടുമ്പോള്‍ എന്തെങ്കിലും അപകടം പറ്റിയാല്‍ വിവാഹം കഴിക്കാന്‍ ആരും വരില്ല എന്നൊക്കെയായിരുന്നു പലരുടേയും വാദം.
കായിക താരം ആകണമെന്ന ആഗ്രഹം പലപ്പോഴും പറഞ്ഞെങ്കിലും ‘ഒരു പെണ്‍കുട്ടിയാണ്’ എന്ന് പറഞ്ഞ് മായയുടെ ആഗ്രഹത്തിന് പലരും വിലക്ക് ഏര്‍പ്പെടുത്തി. അങ്ങനെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായി. ക്രിക്കറ്റ് കളിക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന മായ മെഡിക്കല്‍ കോളജിലെ പഠനകാലത്ത് ഒരു സീനിയറിനെ ക്രിക്കറ്റ് കളിച്ച് തോല്പിച്ച് റാഗിങ്ങിനും തിരശ്ശീലയിട്ടിട്ടുണ്ട്. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ക്രിക്കറ്റിനോട് വിട പറഞ്ഞെങ്കിലും ഇന്‍ഡോര്‍ ഗെയിംസില്‍ സജീവമായിരുന്നു പഠനകാലത്തും ഈ മിടുക്കി.
Read more: കൊവിഡ്ക്കാലത്ത് അമ്മ നഷ്ടപ്പെട്ട നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍; വേറിട്ട മാതൃകയാണ് ഈ അമ്മമനസ്സ്
വിവാഹശേഷമാണ് മായ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യാന്‍ തുടങ്ങിയത്. ഇതിനിടെ ശരീരഭാരം വര്‍ധിച്ചപ്പോള്‍ ജിമ്മില്‍ പോയി തുടങ്ങി. അങ്ങനെ ബോഡി ബില്‍ഡിങ്ങിനോടും താല്പര്യം വന്നു. സ്പോര്‍ട്സ് മേഖലയില്‍ പ്രതിഭ തെളിയിക്കണമെന്നുള്ള മായയുടെ ശക്തമായ ആഗ്രഹത്തിന് ഭര്‍ത്താവ് മികച്ച പ്രോത്സാഹനവും നല്കി. ആശുപത്രി തിരക്കിനിടയിലും കുടുംബകാര്യങ്ങള്‍ നോക്കുന്നതിനിടയിലുമെല്ലാം സമയം കണ്ടെത്തി പരിശീലനവും തുടങ്ങി.
രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന പരിശീലനത്തിന് ശേഷമാണ് മായാ ബോഡി ബില്‍ഡിങ് മത്സരരംഗത്തേക്കിറങ്ങിയത്. ആയിടക്കാണ് മായാ സിഡ്നിയിലേക്ക് താമസംമാറ്റിയതും. അവിടെ ഇന്ത്യന്‍ സ്ത്രീകളുടെ കരുത്ത് പ്രതിഫലിപ്പിക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. അങ്ങനെയാണ് ഐഎഫ്എഫ്ബി 2021 ഓസ്ട്രേലിയന്‍ ചാമ്പ്യന്‍ഷിപ്പില്‍ മായ നേട്ടം കൊയ്തതും. മത്സരത്തില്‍ വിജയിക്കുന്ന വെള്ളക്കാരിയല്ലാത്ത ആദ്യ വനിതയെന്ന നേട്ടവും മായയുടെ പേരില്‍ കുറിക്കപ്പെട്ടു. ആത്മവിശ്വാസവും കഠിനമായ പ്രയത്നവുമുണ്ടെങ്കില്‍ ഏത് സ്വപ്നത്തേയും കൈയെത്തിപ്പിടിക്കാമെന്ന് സ്വജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് മായാ റാത്തോഡ്.
Story highlights: Sporty Indian doctor mum wins Australian bodybuilding contest