ഭക്ഷണപ്പൊതികൾക്കൊപ്പം സ്നേഹവും പങ്കുവെച്ച് സുജാത; കൊവിഡ് കാലത്തെ സ്നേഹക്കാഴ്ച
രാജ്യം മുഴുവൻ കൊറോണ വൈറസിന്റെ ഭീതിയിലാണ്. കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായതോടെ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിപ്പേരാണ് രോഗബാധിതർക്ക് സഹായഹസ്തവുമായി എത്തുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ദുരിതബാധിതർക്ക് വേണ്ടി ഭക്ഷണപ്പൊതികൾ തയാറാക്കുന്ന സുജാത എന്ന യുവതി.
കൊൽക്കത്ത സ്വദേശിയായ സുജാത കൊവിഡ് ബാധിതരായ പാവപ്പെട്ടവർക്ക് വേണ്ടിയാണ് ഭക്ഷണപ്പൊതികൾ തയാറാക്കുന്നത്. ദിവസവും ഉച്ചയൂണും അത്താഴവും തയാറാക്കി ആവശ്യക്കാരുടെ വീടുകളിൽ എത്തിച്ചുനൽകുകയാണ് ഈ യുവതി. ദിവസേന 20-ലധികം പേരാണ് സുജാതയുടെ ഭക്ഷണപ്പൊതികൾക്കായി കാത്തിരിക്കാറുള്ളത്. ഓൺലൈൻ വഴിയും ഭക്ഷണത്തിന് ആവശ്യക്കാർ എത്താറുണ്ട്.
വീട്ടിൽ ഭർത്താവിനും മക്കൾക്കുമൊപ്പമാണ് സുജാത ഭക്ഷണം തയാറാക്കുന്നത്. ചോറ്, ഇലക്കറികൾ, സാലഡ്, റൊട്ടി തുടങ്ങിയവയാണ് സുജാത തയാറാക്കുന്നത്. 39 കാരിയായ സുജാത ഒരു ഷെഫ് കൂടിയാണ്. ഈ കൊവിഡ് കാലത്ത് ദുരിതമനുഭവയ്ക്കുന്നവർക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് സുജാതയും കുടുംബവും.
Story Highlights:Sujatha cooks free meals for patients