അതിജീവന കഥയുമായി ‘ജെന്നിഫർ’- നായികയായി സ്വാസിക വിജയ്

May 17, 2021

അടുത്തിടെയായി മലയാളത്തിൽ ത്രില്ലറുകൾക്ക് വളരെയധികം സ്വീകാര്യതയാണ് ലഭിക്കുന്നത്. അതിജീവന ത്രില്ലറുകൾക്ക് കൂടുതൽ പ്രേക്ഷകരുമുണ്ട്. അൽത്താഫ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ‘ജെന്നിഫർ’ എന്ന ചിത്രവും ഒരു സർവൈവൽ ചിത്രമാണ്. സ്ത്രീകേന്ദ്രീകൃത ചിത്രത്തിൽ നായികയായി എത്തുന്നത് നടി സ്വാസിക വിജയ് ആണ്. സംസ്ഥാന പുരസ്‌കാര നേട്ടത്തിന് ശേഷം നിരവധി ചിത്രങ്ങളിലാണ് സ്വാസിക നായികയായി എത്തുന്നത്.

ടൈറ്റിൽ കഥാപത്രമായാണ് സ്വാസിക എത്തുന്നത്. ഒരു പ്ലാന്റേഷനിൽ നടക്കുന്ന സംഭവങ്ങളാണ് ജെന്നിഫറിലേത്. ഒരു ഭാര്യയും ഭർത്താവും പ്ലാന്റേഷനിലെ രണ്ടു തൊഴിലാളികളും മാത്രമാണ് ചിത്രത്തിൽ ഉള്ളത്. സ്വാസികയ്ക്ക് പുറമെ വേഷമിടുന്ന താരങ്ങളെ ഉടൻ പ്രഖ്യാപിക്കും.

തിരുവനന്തപുരത്ത് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ഇനി വാഗമണ്ണിൽ ഏതാനും ദിവസത്തെ ഷൂട്ടിംഗ് കൂടി പൂർത്തിയാക്കാനുണ്ട്. മംമ്ത മോഹൻദാസ് നായികയായി അഭിനയിച്ച നീലി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അൽത്താഫ് റഹ്‌മാൻ.

Read More: 90+ My Tuition App ഉള്ളപ്പോൾ കൊവിഡ് രണ്ടാം തരംഗത്തിൽ പഠനം മുടങ്ങുമെന്ന പേടി വേണ്ട

ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടൻ ആസിഫ് അലിയും മംമ്ത മോഹൻദാസും ചേർന്നാണ് നിർവഹിച്ചത്. നടുവട്ടം പ്രൊഡക്ഷന്സിന്റെയും നവരംഗ് സ്ക്രീൻസിന്റെയും ബാനറിൽ ആന്റണി നടുവട്ടവും ബിനു ദേവും ചേർന്നാണ് നിർമ്മാണം. അൽത്താഫിന്റെ കഥയ്ക്ക് മനോജ് ഐ. ജിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ക്യാമറ- പ്രശാന്ത് കൃഷ്ണ, എഡിറ്റിങ്ങ്- സോബിൻ എസ്, മേക്കപ്പ്- ബാബുലാൽ കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ ഡിസൈൻ- ഷെമി ബഷീർ, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസൻ.

Story highlights- Swasika’s Jennifer is a survival drama