‘കേരളത്തിൽ എവിടെ പോയാലും എനിക്ക്‌ വേണ്ടി കാത്തിരിക്കുന്ന അനിയന്മാർ’- സഹോദര ദിനം ആശംസിച്ച് ഉണ്ണി മുകുന്ദൻ

May 24, 2021

ഒപ്പം പിറന്നതും കർമ്മം കൊണ്ട് ആ സ്ഥാനത്തേക്ക് എത്തിയതുമായ എല്ലാ സഹോദരന്മാർക്കുമായുള്ള ദിനമാണ് മെയ് 24. സഹോദരങ്ങൾക്ക് ആശംസ അറിയിച്ചുകൊണ്ട് നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇപ്പോഴിതാ, നടൻ ഉണ്ണി മുകുന്ദൻ തനിക്കൊപ്പം എല്ലാ സാഹചര്യത്തിലും ഒപ്പമുണ്ടായിരുന്ന സഹോദരങ്ങൾക്ക് ആശംസ അറിയിക്കുകയാണ്.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ;

സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത് മുതൽ എന്നെ ഇഷ്ടപ്പെട്ട് എന്നെ സ്നേഹിച്ചു എന്നെ സപ്പോർട്ട്‌ ചെയ്ത, എനിക്ക്‌ വേണ്ടി വാദിക്കാനും, ഏത്‌ പ്രതിസന്ധി ഘട്ടത്തിലും എന്റെ കൂടെ നിൽക്കുകയും ചെയ്യുന്ന ഒരുപാട്‌ സഹോദരങ്ങളെ എനിക്ക്‌ കിട്ടി. കേരളത്തിൽ എവിടെ പോയാലും എനിക്ക്‌ വേണ്ടി കാത്തിരിക്കുന്ന അനിയന്മാർ ഉണ്ടെന്ന വിശ്വാസവും സന്തോഷവും എന്റെ കൂടെ എന്നുമുണ്ട്‌. ഈ ലോക്ക്‌ഡൗൺ കാലത്ത്‌ നിങ്ങളുടെ പ്രാർത്ഥനകളും നിങ്ങൾ എനിക്ക്‌ അയക്കുന്ന മെസ്സേജുകൾ എല്ലാം തന്നെ ഞാൻ മനസ്സിൽ കാത്തു സൂക്ഷിക്കുന്നുണ്ട്‌. എന്റെ എല്ലാ അനിയന്മാർക്കും ചേട്ടന്മാർക്കും ഈ സഹോദരന്റെ ബ്രദർസ് ഡേ ആശംസകൾ. ഒരു അനിയനായും ചേട്ടനായും എന്നും ഞാൻ കൂടെ ഉണ്ടാകും.

അതേസമയം, കൂടുതൽ ചിത്രങ്ങളുമായി സജീവമാകുകയാണ് ഉണ്ണി മുകുന്ദൻ.  ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മേപ്പടിയാൻ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി, ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നുണ്ട്. ഉണ്ണി മുകുന്ദനൊപ്പം അഞ്ചു കുര്യൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദനാണ് നിർമിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്.

Read More: ഹിന്ദി മൊഴിമാറ്റ പതിപ്പില്‍ നേട്ടംകൊയ്ത് ഫോറന്‍സിക്; യൂട്യൂബില്‍ ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് കോടിയിലധികം കാഴ്ചക്കാര്‍

ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ‘ബ്രൂസ്‌ ലീ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം 25 കോടിയോളം മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. മാസ് ആക്ഷൻ എന്റർടൈനർ നിർമിക്കുന്നത്‌ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ആണ്. 

Story highlights- Unni Mukundan wishes brother’s day