മലർ മിസായി എത്തേണ്ടിയിരുന്നത് അസിൻ- തിരക്കഥയിലെ മാറ്റത്തെക്കുറിച്ച് അൽഫോൺസ് പുത്രൻ
തെന്നിന്ത്യയിൽ ഒട്ടാകെ തരംഗമായി മാറിയ സിനിമയാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. നിവിൻ പോളിയുടെ താരമൂല്യം ഉയർത്തിയ ചിത്രം സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ തുടങ്ങിയ നായികമാരെയും സമ്മാനിച്ചു. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും വളരെയധികം ഹിറ്റായി മാറിയിരുന്നു. സായി പല്ലവി അവതരിപ്പിച്ച മലർ എന്ന കഥാപാത്രമാണ് ഏറ്റവുമധികം ശ്രദ്ധേയമായത്.
ഇപ്പോഴിതാ, ആ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത് മറ്റൊരു നായികയെ ആയിരുന്നെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. തിരക്കഥയുടെ ആദ്യ ഘട്ടത്തിൽ മലർ മിസ് എന്ന കഥാപത്രം ഫോർട്ട് കൊച്ചിക്കാരി ആയിരുന്നെന്നും നടി അസിനെയായിരുന്നു ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നതെന്നും അൽഫോൺസ് പുത്രൻ പറയുന്നു. എന്നാൽ, അസിനെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ മലർ മിസ്സിന് ഒരു തമിഴ് ടച്ച് കൊടുക്കുകയായിരുന്നു. അങ്ങനെയാണ് സായി പല്ലവിയിലേക്ക് എത്തിയത്.
ഒരു ആരാധകന്റെ ചോദ്യത്തിന് കമന്റിലൂടെ മറുപടി നൽകുകയായിരുന്നു അൽഫോൺസ് പുത്രൻ. ‘തമിഴ് ഭാഷയുടെ സ്വാധീനം നിങ്ങളുടെ മുൻപുള്ള സിനിമകളിൽ കണ്ടിട്ടുണ്ട്. മലയാളം സിനിമയിലെ തമിഴ് ഭാഷയുടെ സ്വാധീനത്തെ എങ്ങനെ കാണുന്നു. മലർ എന്ന കഥാപാത്രം മലയാളിപെൺകുട്ടിയായിരുന്നെങ്കിലോ?’ എന്നാണ് അൽഫോൺസ് പുത്രനോട് ആരാധകൻ ചോദിച്ചത്.
Read More: കടലിനെ കരയാക്കി ഐസ് പാളികൾ; അപൂർവ്വ അനുഭവം ഒരുക്കി ഐസ് ശില്പങ്ങളും..
നടൻ നിവിൻ പോളിയും അസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല എന്നും അൽഫോൺസ് പുത്രൻ പറയുന്നു. തമിഴ് ഭാഷയുമായുള്ള ബന്ധത്തിന് കാരണമായി അൽഫോൺസ് പുത്രൻ പറയുന്നത് ചെറുപ്പത്തിൽ പഠിച്ചതെല്ലാം ഊട്ടിയിലാണെന്നും സിനിമാ പഠനവും ചെന്നൈയിലായിരുന്നു എന്നുമാണ്.
Story highlights- alphonse puthren about premam movie