എവിടെനിന്നാണ് ഈ എനർജി? വേദിയെ ഒന്നടങ്കം അമ്പരപ്പിച്ച് കുരുന്നു ഗായകരുടെ അസാധ്യ പ്രകടനം- വിഡിയോ

June 1, 2021

ടോപ് സിംഗർ വേദിയിലെ കുട്ടികുറുമ്പുകൾക്ക് ഒട്ടേറെ ആരാധകരുണ്ട് ടെലിവിഷൻ പ്രേക്ഷകർക്കിടയിലും സമൂഹമാധ്യമങ്ങളിലും. ഒട്ടും ഭയമോ ആശങ്കയോ ഇല്ലാതെ പാട്ടിന്റെ ഭംഗി ചോരാതെ വേദിയിലെത്തിക്കുന്ന കുഞ്ഞു മിടുക്കന്മാരും മിടുക്കികളും പാട്ടിനൊപ്പമുള്ള മറ്റു കഴിവുകൾ പ്രകടിപ്പിക്കുന്നത് സ്റ്റാർ നൈറ്റ് വേദിയിലാണ്. ടോപ് സിംഗറിന്റെ എപ്പിസോഡുകൾക്ക് പുറമെ എല്ലാ ആഴ്ചയിലും സംപ്രേഷണം ചെയ്യുന്ന ദൈർഘ്യമേറിയ ആഘോഷ രാവാണ് സ്റ്റാർ നൈറ്റ്.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ടോപ് സിംഗർ സ്റ്റാർ നൈറ്റ് എപ്പിസോഡുകൾക്ക് യൂട്യുബിലും കാഴ്ചക്കാരേറി. ഇപ്പോഴിതാ ടോപ് സിംഗർ വേദിയെ വിസ്മയിപ്പിച്ചുകൊണ്ട് ഒരു ഗംഭീര പ്രകടനവുമായി എത്തിയിരിക്കുകയാണ് കുഞ്ഞു ഗായകർക്കിടയിലെ ആവേശ കുറുമ്പികൾ.

മിയ, മേഘ്‌ന, ദേവ്ന എന്നിവരാണ് മലയാളികൾ എന്നും ഏറ്റുപാടുന്ന തകർപ്പൻ ഗാനവും അതിനേക്കാൾ ആവേശമുണർത്തുന്ന ചുവടുകളുമായി എത്തുന്നത്. ഫോർ ദി പീപ്പിൾ എന്ന സിനിമയിൽ ജാസി ഗിഫ്റ്റ് ആലപിച്ച അന്നക്കിളി നീയെന്നിൽ വർണ്ണ കനവായി വന്നു എന്ന ഗാനവുമായാണ് മൂവർ സംഘം എത്തിയത്.

Read More: ശ്രീഹരിക്കൊപ്പം നാടൻപാട്ടുമായി മിയ; പാട്ടിനൊടുവിൽ സ്നേഹത്തോടെ ഒരു ചേർത്തുപിടിക്കലും- വിഡിയോ

എം ജി ശ്രീകുമാർ, ഇന്നസെന്റ്, നാദിർഷ, അഫ്സൽ, അപർണ ബാലമുരളി എന്നിവർ അതിഥികളായി എത്തിയ എപ്പിസോഡിലാണ് ഇവർ അന്നക്കിളിയുമായെത്തി അമ്പരപ്പിച്ചത്. വളരെ വേഗതയേറിയ ഗാനത്തിനൊപ്പം അതിലും ചടുലമായ നൃത്തമാണ് മൂവരും കാഴ്ചവെച്ചത്. എവിടെനിന്നാണ് ഈ എനർജി എന്നാണ് എല്ലാവരും കുട്ടികുറുമ്പുകളോട് ചോദിച്ചത്. സമൂഹമാധ്യമങ്ങളിൽ ആവേശം വിതറിയ എപ്പിസോഡ് ചർച്ചയാകുകയാണ്.

Story highlights- amazing performance by top singer contestants