ജോലിയിൽ നിന്നും വിരമിക്കാൻ ഒരുങ്ങി മഗാവ; ധീരതയ്ക്ക് ഗോൾഡ് മെഡൽ നേടിയ സൂപ്പർഹീറോ എലിയുടെ ജീവിതം ഇങ്ങനെ…

June 7, 2021

കഴിഞ്ഞ വർഷം ഏറെ വാർത്താപ്രാധാന്യം നേടിയതാണ് മഗാവ എന്ന എലി. ധീരതയ്ക്കുള്ള ഗോൾഡ് മെഡൽ നേടിയാണ് മഗാവ വാർത്തകളിൽ നിറഞ്ഞത്. ഇപ്പോഴിതാ ജോലിയിൽ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കാൻ ഒരുങ്ങുകയാണ് മഗാവ. ലാൻഡ്മൈൻ ഡിറ്റക്ഷൻ റാറ്റാണ് മഗാവ. ഭൂമിക്കടിയിൽ പൊട്ടാതെ കിടക്കുന്ന ബോംബുകളെയും ഷെല്ലുകളെയും തിരിച്ചറിയാനുള്ള ശേഷിയുണ്ട് മഗാവയ്ക്ക്. അതുകൊണ്ടുതന്നെ കംബോഡിയയിലെ ആളുകളുടെ ജീവൻ രക്ഷിക്കുന്നതിന്റെ പേരിലാണ് മഗാവയ്ക്ക് ധീരതയ്ക്കുള്ള ഗോൾഡ് മെഡൽ ലഭിച്ചതും. പീപ്പിള്‍സ് ഡിസ്‌പെന്‍സറി ഫോര്‍ സിക്ക് ആനിമല്‍സ് (പിഡിഎസ്എ) ആണ് മഗാവയ്ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കിയത്. പിഡിഎസ്എ ആദ്യമായി ഒരു മൃഗത്തിന് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കിയത് മഗാവയ്ക്കാണ്. 

സാധാരണയായി ഭൂമിക്കടിൽ പോയി പൊട്ടാതെ കിടക്കുന്ന മൈനുകൾ കണ്ടെത്തുക മനുഷ്യനെ സംബന്ധിച്ച് വളരെയധികം ബുദ്ധിമിട്ടേറിയതും അപകടം പിടിച്ചതുമായ ഒരു കാര്യമാണ്. മനുഷ്യർക്ക് ചിലപ്പോൾ ഇതിനായി ദിവസങ്ങൾ എടുക്കേണ്ടതായും വരും. എന്നാൽ എലികൾക്ക് ഇവ എളുപ്പത്തിൽ കണ്ടെത്താനാകും. ഇതിനോടകം ഏകദേശം 71 കുഴിബോംബുകളും 38 ഓളം സ്‌ഫോടക വസ്തുക്കളും മഗാവ കണ്ടെത്തിയിട്ടുണ്ട്.

Read also: കൊവിഡ് കാലത്ത് ആയിരങ്ങൾക്ക് ഭക്ഷണം വിളമ്പി ബോളിവുഡ് താരവും കുടുംബവും; പിന്തുണ അറിയിച്ച് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ

അഞ്ച് വർഷത്തോളം കംബോഡിയ സൈന്യത്തിന്റെ ഭാഗമായിരുന്നു മഗാവ. ഏഴ് വയസുകാരനായ മഗാവയ്ക്ക് പ്രായാധിക്യം മൂലം വേഗത കുറഞ്ഞതാണ് ജോലിയിൽ നിന്നും വിരമിക്കാൻ കാരണമാകുന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Story Highlights; Magava the hero rat retiring from landmines detecting job