വേമ്പനാട്ട് കായലിന്റെ സംരക്ഷകന് പരിസ്ഥിതി ദിനത്തിൽ അന്താരാഷ്ട പുരസ്കാരം

June 5, 2021

എഴുപത്തിമൂന്നാമത് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ച ഒരു മലയാളിയുണ്ട്, വേമ്പനാട്ട് കായലിന്റെ സംരക്ഷകനായ രാജപ്പൻ. കായലിൽ വലിച്ചെറിയുന്ന കുപ്പികൾ പെറുക്കി വിറ്റാണ് രാജപ്പൻ ജീവിക്കുന്നത്. അഞ്ചാം വയസിൽ പോളിയോ ബാധിച്ച ഇദ്ദേഹത്തിന്റെ രണ്ടു കാലുകൾക്കും സ്വാധീനമില്ല. എങ്കിലും അധ്വാനശീലത്തിന് ഒരു കുറവുമില്ല.

ഇപ്പോഴിതാ, പരിസ്ഥിതി ദിനത്തിൽ അന്താരാഷ്ട്ര പുരസ്‌കാരമാണ് രാജപ്പനെ തേടിയെത്തിയിരിക്കുന്നത്. പതിനായിരം ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും ഫലകവും അടങ്ങിയ സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്‍റര്‍നാഷണലിന്‍റെ ഷൈനിംഗ് വേള്‍ഡ് എര്‍ത്ത് പ്രൊട്ടക്ഷന്‍ അവാര്‍ഡ് ആണ് രാജപ്പനെ തേടി എത്തിയത്.

രാജപ്പനെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ച ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിയായ കെ.എസ്. നന്ദുവിനാണ് സുപ്രീംമാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധിയുടെ ഇത് സംബന്ധിച്ച സന്ദേശം ലഭിച്ചത്.

കൊറിയറായാണ് പ്രശംസാപത്രവും ഫലകവും നന്ദുവിന്റെ കൈകളില്‍ എത്തിയത്. ഇത് രാജപ്പന് നന്ദു കൈമാറി. രാജപ്പന്റെ സേവനം ജനങ്ങളെ മുഴുവന്‍ പ്രചോദിപ്പിക്കുന്നതാണെന്ന് പ്രശംസാപത്രത്തില്‍ പറയുന്നു. കോട്ടയംകാരനായ രാജപ്പൻ പ്രദേശവാസികൾക്ക് പരിചിതനാണ്. ഏഴുവർഷമായി അദ്ദേഹം ഈ തൊഴിലാണ് ചെയ്യുന്നത്. കൂടുതലായി ഒന്നും കിട്ടിയില്ലെങ്കിലും അന്നന്നത്തേക്കുള്ള ചിലവിനുള്ളത് ഈ കുപ്പികൾ പെറുക്കി വിൽക്കുന്നതിലൂടെ ലഭിക്കുന്നുണ്ടെന്നാണ് രാജപ്പൻ പറയുന്നത്.

Read More: സംസ്ഥാന സർക്കാർ മാധ്യമ അവാർഡ് -2019 പ്രഖ്യാപിച്ചു; അവാർഡ് നിറവിൽ ടി. എം ഹർഷനും സുജയ പാർവതിയും

രാവിലെ ആറു മണിയാകുമ്പോൾ വള്ളവുമായി രാജപ്പൻ കായലിൽ ഇറങ്ങും. പലപ്പോഴും നേരം ഇരുട്ടിയാലേ കരയിലേക്ക് എത്താറുള്ളു. പൊളിഞ്ഞു വീഴാറായ, വൈദ്യുതിയില്ലാത്ത വീട്ടിലാണ് രാജപ്പന്റെ താമസം. പക്ഷെ, തെഴിലിലും കൂരയിലും ഒരു കുറവും രാജപ്പന് തോന്നിയിട്ടില്ല.

Story highlights- rajappan Taiwan award