പുകവലി ശീലത്തെ ഓടിത്തോല്‍പ്പിച്ച മനുഷ്യന്
ചെന്നൈയിലെ മറീനക്കടുത്ത് ദിവസവും ഓടി വ്യായമം ചെയ്യുന്ന ഒരു മനുഷ്യനെ ചിലരെങ്കിലും കണ്ടിട്ടുണ്ടാകാം. ഷൂസ് ധരിക്കാതെ ഓടുന്ന അദ്ദേഹത്തെ പലരും കൗതുകത്തോടെ നോക്കിയിട്ടുണ്ടാകാം. പക്ഷെ ഈ ഓട്ടം ഒരു പ്രതിരോധമാണ്. പറഞ്ഞുവരുന്നത് പുകവലി ശീലത്തെ ഓടിത്തോല്‍പ്പിച്ച വിശ്വനാഥന് ജയരാമന് എന്നയാളെക്കുറിച്ചാണ്. ചില ദിവസങ്ങളില്‍ 35 കിലോമീറ്റര്‍ വരെ ഓടിയിട്ടുണ്ട് അദ്ദേഹം.
ഐഐടി ബിരുദധാരിയായ വിശ്വനാഥന് ജയരാമന് ഇന്ത്യന്‍ റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് കൂടിയാണ്. തന്റെ ഇരുപത്തിരമ്ടാമത്തെ വയസ്സില്‍ അദ്ദേഹത്തില്‍ ഒരു ശീലം രൂപപ്പെട്ടു. ഒട്ടും ആരോഗ്യകരമല്ലാത്ത പുകവലി ശീലം. അത് അദ്ദേഹത്തെ പിന്തുടര്ന്നുകൊണ്ടേയിരുന്നു. ഇതില്‍ നിന്നും എങ്ങനെയെങ്കിലും മോചനം നേടണമെന്ന ആഗ്രഹത്തില്‍ നിന്നുമാണ് മറ്റൊരു ശീലം അദ്ദേഹം തെരഞ്ഞെടുത്തത്.
അങ്ങനെ വിശ്വനാഥന് ജയരാമന് ഓടാന്‍ തീരുമാനിച്ചു. ആദ്യനാളുകളില്‍ നൂറ് അടിപോലും ഓടാന്‍ സാധിച്ചിരുന്നില്ല അദ്ദേഹത്തിന്. 2000-ഓഗസ്റ്റ് 10-നാണ് അദ്ദേഹം ഓട്ടം ആരംഭിച്ചത്. അല്പദൂരം ഓടുമ്പോഴേക്കും ശ്വാസം പോലും കിട്ടാതെ അദ്ദേഹം അസ്വസ്ഥനായിരുന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് അദ്ദേഹം വീണ്ടും വീണ്ടും ഓടാന്‍ തയാറായി. ഒടുവില്‍ ആ നിശ്ചയദാര്‍ഢ്യത്തിന് മുന്പില് ഓട്ടവും വെറും നിസ്സാരമായി.
ഓട്ടം ജീവിതത്തിന്റെ ഭാഗമായപ്പോള്‍ പുകവലിയെ തോല്‍പ്പിക്കാന്‍ വിശ്വനാഥന് ജയരാമന് സാധിച്ചു. വിട്രോവല് സിംറ്റമ്സ് ഉണ്ടായിരുന്നെങ്കിലും അതിനെയെല്ലാം ആരോഗ്യകരമായി തന്നെ അദ്ദേഹം അതിജീവിച്ചു. തികഞ്ഞ ഗാന്ധിയന്‍ കൂടിയായ അദ്ദേഹം ഒരിക്കല്‍ ദണ്ഢി മുതല്‍ സബര്‍മതി വരെ ഓടി. അതായത് ഏകദേശം 330 കിലോമീറ്റര്‍. ആറ് ദിവസങ്ങള്‍ക്കൊണ്ടാണ് ഇത്രയും ദൂരം അദ്ദേഹം ഓടിയത്.
വിശ്വനാഥന് ജയരാമന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരിക്കുകയാണ് ഇന്ന് ഓട്ടം എന്നത്. പുലര്‍ച്ചെ 3.30 നും എഴ് മണിക്കും ഇടയില്‍ അദ്ദേഹം ഓടുന്നു. ഒരു ദിവസംപോലും അദ്ദേഹം തന്റെ ഓട്ടം മുടക്കാറില്ല. ഓട്ടത്തിനിടെയില്‍ കാണുന്ന പക്ഷികളും പ്രക്യതിയുമെല്ലാം വേറിട്ട അനുഭവമാണ് തനിക്ക് നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു.
Story highlights: Story of the running man Viswanadhan Jayaraman